കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ 11 മണിക്കൂർ ചോദ്യം ചെയ്‌തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ബിനീഷിനെ ചോദ്യം ചെയ്‌തു വിട്ടയച്ചത്. രാത്രി പത്ത് മണി വരെ ചോദ്യം ചെയ്യൽ നീണ്ടു. രാവിലെ പതിനൊന്ന് മുതലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് റിപ്പോർട്ടുണ്ട്. ബിനീഷിന്റെ മൊഴികൾ വിശദമായി പരിശോധിക്കും.

ഇന്ന് ഹാജരാകാൻ കഴിയില്ലന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകൻ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നായിരുന്നു അഭിഭാഷകൻ വ്യക്തമാക്കിയത്. എന്നാൽ, ബിനീഷ് ഉള്ള സ്ഥലത്ത് എത്താമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് ഹാജരാകാൻ നിർബന്ധിതനായത്.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട ഹവാല ,ബിനാമി ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് ഉയർന്നു കേട്ടിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തിന് പിറകേയാണ് ഈ വിഷയം ചർച്ചയായത്. തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരം ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഇതിന് ബിനീഷ് കോടിയേരി മറുപടി പറഞ്ഞത്.

ചോദ്യം ചെയ്യലിൽ ബിനീഷ് തനിക്ക് ഹോട്ടൽ തുടങ്ങാൻ ആറ് ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.