കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അര കിലോ സ്വർണ്ണമാണ് ഇന്ന് രാവിലെ ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്. മലദ്വാരത്തിലാണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വർണ്ണം ഇയാൾ സൂക്ഷിച്ചത്.
രാവിലെ ദുബൈയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് പ്രതി കൊച്ചിയിലെത്തിയത്. സ്വർണ്ണവുമായി ദുബൈയിൽ നിന്നും ഏജന്റുണ്ടെന്ന് വിവരം ലഭിച്ച് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്കുണ്ടായിരുന്നു.
രാവിലെ 9 മണിയോടെ കൊച്ചിയിലിറങ്ങിയ വിമാനത്തിൽ നിന്ന് പുറത്തെത്തിയ പ്രതിയെ കസ്റ്റംസ് അധികൃതർ പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താനായില്ല. ബാഗുകളിലും വസ്ത്രത്തിലും സ്വർണ്ണം ഇല്ലാതെ വന്നതിനെ തുടർന്ന് പ്രതിയെ വിശദപരിശോധനയ്ക്കായി അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയി.
ഈ സമയത്താണ് പ്രതിയുടെ നടത്തം അസ്വാഭാവികമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയത്. ഇന്നലെ പിടിയിലായ പ്രതി മലദ്വാരത്തിലാണ് സ്വർണ്ണം കടത്തിയത്. ഈ സൂചന മുൻനിർത്തിയായിരുന്നു ആദ്യത്തെ പരിശോധന.
നാല് ബിസ്റ്റുകളാണ് പ്രതി കടത്തിയിരുന്നത്. 116.75 ഗ്രാം തൂക്കമുളളതായിരുന്നു ഓരോ ബിസ്കറ്റും. ആകെ 14 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ കടത്തിയതെന്ന് കസ്റ്റംസ് വിശദീകരിച്ചു.
ഇന്നലെ 1166.2 ഗ്രാം തൂക്കം വരുന്ന പത്ത് സ്വർണ്ണ ബിസ്കറ്റുകളുമായി പാലക്കാട് മണ്ണാർകാട് സ്വദേശി കെ.വി.സക്കറിയ പിടിയിലായിരുന്നു. ഇയാളും മലദ്വാരത്തിലാണ് സ്വർണ്ണം കടത്തിയത്. ഇതിന് 34 ലക്ഷം രൂപ വില വരുമെന്നായിരുന്നു നിഗമനം.
ഞായറാഴ്ച പുലർച്ചെ ഫ്ലൈ ദുബായ് വിമാനത്തിൽ ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയതാണ് സക്കറിയ. ഇന്ന് പിടിയിലായി പ്രതിയും സക്കറിയയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും.