കൊച്ചി: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായ തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
ജയിൽ മോചിതനായ അറ്റ്ലസ് രാമചന്ദ്രനെ ദുബായിൽ ചെന്ന് ഇന്ർവ്യൂ ചെയ്യാൻ ജനം ടിവി കോർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാർക്ക് താൽപ്പര്യമുണ്ടായിരുന്നു. ദുബായിലെ തനിക്കെതിരെ ഒരു കേസ് നിലനിൽക്കുന്നതിനാൽ പോയാൽ കുടുങ്ങുമോയെന്ന് അനിലിനു സംശയമുണ്ടായിരുന്നു. ഇതിൽനിന്ന് ഒഴിവാകാൻ സഹായം തേടിയാണ് അനിൽ തന്നെ ആദ്യമായി വിളിച്ചതെന്ന് സ്വപ്ന മൊഴിനൽകിയതായാണു വിവരം.
ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചിരുന്നു. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ ക്ഷണിച്ചു. അന്ന് കേരളത്തിലെ യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ അന്വേഷിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
Read More: സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്‌തേക്കും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരെ കസ്റ്റംസ് വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തത്. അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണു കസ്റ്റംസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർക്ക് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് കസ്റ്റംസ് സ്വർണം കണ്ടെടുത്ത ജൂലൈ അഞ്ചിന് സ്വപ്‌നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയത്.
അനിൽ നമ്പ്യാരുമായി ഫോണിൽ സംസാരിച്ച അതേദിവസമാണു സ്വപ്ന ഒളിവിൽ പോയത്. ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ മൊഴി സംബന്ധിച്ച് അനിൽ നമ്പ്യാറിൽനിന്ന് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സ്വപ്‌നയെ വിളിച്ചതെന്നായിരുന്നു അനിൽ നമ്പ്യാർ ഇതുസംബന്ധിച്ച വിവാദത്തോട് നേരത്തെ പ്രതികരിച്ചിരുന്നത്.
Read Also: അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് സിപിഎം
കോൺസുലേറ്റിലേക്കു വന്ന ബാഗേജ് കള്ളക്കടത്തല്ലെന്നു സ്ഥാപിക്കാനാവശ്യമായ രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നു സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയതായാണു വിവരം.
അതേസമയം, സ്വര്‍ണക്കള്ള കടത്ത് വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.