പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി കിട്ടിയ നാൽപ്പത് കിലോ സ്വർണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാൻ ഇന്ന് സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോങ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണം, വെള്ളി എന്നിവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന.

40 കിലോ സ്വർണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ഇവ സ്ട്രോങ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. സാധാരണ ശബരിമലയിൽ കാണിക്കയായി സ്വർണം, വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും. അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A രജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോൾ രജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല.

Read More: ശബരിമലയിലെ ജലക്ഷാമം: കല്ലാർ, കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം

രാവിലെ പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിലും ഓഡിറ്റിങ് സംഘം എത്തും. ശബരിമലയിലെ രേഖകളിൽ സ്വർണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സ്വർണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരും.

അതേസമയം, ആരോപണം തളളി ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത് വന്നു. എല്ലാത്തിനും കൃത്യമായ കണക്കുണ്ടെന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ മുന്‍ ദേവസ്വം ഉദ്യോഗസ്ഥനാണ് എന്നും പത്മകുമാര്‍ ആരോപിച്ചു. പത്മകുമാറിനോട് ദേവസ്വം മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.