കോഴിക്കോട്: ആള്‍ ദൈവങ്ങളും ആത്മീയതയും മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് സദ്ഗുരു. സാഹിത്യോത്സവ വേദിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറുമായുള്ള മുഖാമുഖത്തില്‍ ആള്‍ദൈവങ്ങളും ആത്മീയതയും ഉത്പന്നങ്ങളാക്കപ്പെടുകയാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംവാദത്തില്‍ ആത്മീയത, മതബോധനം, മതേതരത്വം, രാഷ്ട്രീയം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയവര്‍ക്കെതിരെ സമരം നയിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സദ്ഗുരു അഭിപ്രായപ്പെട്ടു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം സുഖാന്വേഷണമാണ്. ആത്മീയതയില്‍ സുഖം കണ്ടെത്തുന്ന ഒരു വലിയ സമൂഹത്തിനിടയില്‍ നിന്ന് അതിനെതിരെ സമരം നയിക്കുക എന്നത് ദുഷ്‌കരമാണ്. സ്വര്‍ഗീയമായതെല്ലാം മനുഷ്യരുടെ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ നദികള്‍ സംരക്ഷിക്കുന്നതിലൂടെ സംസ്‌കാരത്തെയാണ് നിലനിര്‍ത്തുന്നതെന്നും സദ്ഗുരു പറഞ്ഞു. ചടങ്ങില്‍ ദ ഇന്നര്‍ എഞ്ചിനിയറിങ് എന്ന സദ്ഗുരുവിന്റെ പുസ്തകം സിനിമാ താരം മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ