കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഗോ എയര്‍ തീരുമാനിച്ചു. 2019 മെയ് 31 മുതല്‍ സര്‍വീസുകള്‍ ആഴ്ച്ചയില്‍ എല്ലാ ദിവസവും മസ്കറ്റിലേക്കും അബൂദാബിയിലേക്കും തിരിച്ചും നടത്താനാണ് തീരുമാനം. നിലവില്‍ ആഴ്ച്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസുകള്‍. മസക്റ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55നും അബൂദാബിയിലേക്കുളള വിമാനങ്ങള്‍ വൈകുന്നേരും 6.45നും പുറപ്പെടും. മസ്കറ്റില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 5.10നും അബൂദാബിയില്‍ നിന്നുളള വിമാനം 3.45നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും.
ഇതിനിടെ കണ്ണൂര്‍ വിമാനത്താവളം ഉല്‍ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സൗദിയിലെ ദമ്മാമില്‍ നിന്നും സര്‍വീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനത്താവളം തുറന്നിട്ടും അതിന്റെ പ്രയോജനം ലഭിക്കാതെ ഉയര്‍ന്ന നിരക്ക് നല്കി മറ്റു വിമാനത്താവളങ്ങളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലബാറുകാര്‍.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ വിമാനത്താവളം ഉല്‍ഘാടനം ചെയ്തപ്പോള്‍ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചവരാണ് ദമ്മാമിലെ പ്രവാസികള്‍. വിമാനത്താവളം തുറന്നതോടെ ഈ അവധിക്കാലത്ത് സ്വന്തം മണ്ണില്‍ പറന്നിറങ്ങാമെന്ന് സ്വപ്നം കണ്ടവരാണ് ഇവര്‍. വടക്കന്‍ മലബാറില്‍ നിന്നും കര്‍ണാടകയിലെ കുടകില്‍ നിന്നും നിരവധി പേര് ദമ്മാമില്‍ കുടുംബ സമേതം പ്രവാസ ജീവിതം നയിക്കുന്നുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ഒരു ഡസനിലധികം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന ഇടം കൂടിയാണ് ദമ്മാം. ഇവര്‍ എല്ലാവരും തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിച്ച് കിട്ടുന്നതിന് ഒറ്റകെട്ടാണിപ്പോള്.