ന്യൂഡൽഹി: യുഎഇയിൽ മാർച്ചിൽ നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ പങ്കെടുക്കാൻ  മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അൽബാനയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണു ക്ഷണം ലഭിച്ചത്. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ 126 രാജ്യങ്ങളാണു പങ്കെടുക്കുന്നത്.

യുഎഇ മലയാളികൾക്ക് രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ സഹകരണവും സ്നേഹവും യുഎഇ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നതായി സ്ഥാനപതി പറഞ്ഞു. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാർ പൊതുവെയും മലയാളികൾ പ്രത്യേകിച്ചും രാജ്യത്തിന്റെ നിർമാണത്തിലും പുരോഗതിയിലും പ്രത്യേക പങ്കാണ് വഹിക്കുന്നതെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

Read Also: പ്രതിപക്ഷത്തിന്റെ നുണപ്രചരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു: അമിത് ഷാ

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിക്ഷേപ സംഗമം നടന്നിരുന്നു. ‘അസെൻഡ് 2020’ എന്ന നിക്ഷേപ സംഗമത്തിൽ ഒരു ലക്ഷത്തില്‍പരം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. 32,008 കോടി രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇതിന് പുറമെ കേരള ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കും. അബുദാബി ഇൻവെസ്‌റ്റ് അതോറിറ്റി, ലോജിസ്‌റ്റിക്‌സ് പാർക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും.

സംഗമത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യർഥിക്കും. ഇവരിൽ ചിലർ നിക്ഷേപിക്കാൻ സന്നദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.