തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ച കേസുകളുടെ എണ്ണം കണക്കിലെടുത്ത് കോവിഡ് -19 വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന് കേന്ദ്രത്തോട് കേരളം. പകർച്ചവ്യാധി ഉടൻ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരുടെ എണ്ണം, ജനസംഖ്യാ സാന്ദ്രത എന്നിവ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ഈ ആവശ്യം മുന്നോട്ടുവച്ചത്.
“കേസുകളുടെ എണ്ണം പരമാവധിയിലെത്തുന്നത് തടയുക അല്ലെങ്കിൽ കാലതാമസം വരുത്തുക എന്നതാണ് ഞങ്ങൾ പ്രയോഗിച്ച നയം. രോഗം റിപ്പോർട്ട് ചെയ്ത ആദ്യത്തെ സംസ്ഥാനം ഞങ്ങളാണെങ്കിലും, സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിച്ചത് ഇപ്പോഴാണ്. നസംഖ്യ സാന്ദ്രത ഉയർന്നതായിട്ടും ആ നയം നടപ്പാക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. അതിനാൽ ഞങ്ങളുടെ നയം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആദ്യം വാക്സിൻ ലഭിക്കേണ്ടതുണ്ട്,” സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. “ഒരു ഘട്ടത്തിലും ഞങ്ങളുടെ വെന്റിലേറ്ററുകളിൽ 25 ശതമാനം നിറഞ്ഞിട്ടില്ല,” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിധ പ്രതിദിനം അയ്യായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അവസ്ഥ തുടരുകയാണ്. നിലവിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.
Also Read: കോവിഡ് വാക്സിൻ ആദ്യം ആർക്കൊക്കെ, വിതരണം എന്നു മുതൽ? അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ദിവസങ്ങൾക്കുള്ളിൽ വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോവിഡ് വാക്സിൻ വിതരണ റിഹേഴ്സലിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഷീല്‍ഡ് വാക്സിൻ താരതമ്യേന സുരക്ഷിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലെത്തിയാണ് മന്ത്രി ഡ്രെെ റണ്ണിൽ പങ്കെടുത്തത്.
കോവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സിൻ ഡ്രൈറണ്‍ നടത്തിയത്.