scorecardresearch

ഗിവ് ആൻഡ് ടേക്ക്; ഇവിടെ സ്നേഹം കൂടിയാണ് കൊടുക്കുന്നതും വാങ്ങുന്നതും

എല്ലാവര്‍ക്കും സൗജന്യമായി വസ്ത്രങ്ങളെടുക്കാവുന്ന ടെക്‌സ്റ്റൈയില്‍സ് ആണ് 'ഗിവ് ആന്‍ഡ് ടേക്ക്'.

എല്ലാവര്‍ക്കും സൗജന്യമായി വസ്ത്രങ്ങളെടുക്കാവുന്ന ടെക്‌സ്റ്റൈയില്‍സ് ആണ് 'ഗിവ് ആന്‍ഡ് ടേക്ക്'.

author-image
Sandhya KP
New Update
Give and Take, Tiny Tom, iemalayalam

ജീവിതം പലപ്പോഴും കൊടുക്കല്‍ വാങ്ങലുകളുടെ ആകെ തുകയാണ്. സ്‌നേഹമാകട്ടെ, സൗഹൃദമാകട്ടെ, പിന്തുണയാകട്ടെ അങ്ങനെ എന്തും മനോഹരമാകാന്‍ ഈ പങ്കുവയ്ക്കലിനെക്കാള്‍ മറ്റൊരു നല്ല വഴിയില്ല. അതു തന്നെയാണ് 'ഗിവ് ആന്‍ഡ് ടേക്ക്' എന്ന സംരംഭത്തിന്റെ അടിസ്ഥാന ആശയം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം; ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ് ഇവ മൂന്നും. എല്ലാവര്‍ക്കും വസ്ത്രം എന്ന ആശയത്തോടെയാണ് 2017 ഓഗസ്റ്റ് 18ന് വൈപ്പിനിലെ ഞാറയ്ക്കലില്‍ 'ഗിവ് ആന്‍ഡ് ടേക്ക്' ആരംഭിച്ചത്.

Advertisment

എല്ലാവര്‍ക്കും സൗജന്യമായി വസ്ത്രങ്ങളെടുക്കാവുന്ന ടെക്‌സ്റ്റൈയില്‍സ് ആണ് 'ഗിവ് ആന്‍ഡ് ടേക്ക്'. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമെല്ലാം വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഗിവ് ആന്‍ഡ് ടേക്ക് പ്രവർത്തകര്‍ ചെയ്യുന്നത്. കോണ്‍ട്രാക്ടറായ ജോജോ, സംവിധായകന്‍ ജിബു ജോസഫ്, അദ്ദേഹത്തിന്റെ സഹോദരന്മാര്‍, സുഹൃത്തുക്കള്‍ തുടങ്ങി വലിയൊരു സംഘമാണ് ഇതിന്റെ തലപ്പത്ത്.

'പാകമാകാത്തതോ, ഉപയോഗിക്കാത്തതോ ഒക്കെയായ ധാരാളം വസ്ത്രങ്ങള്‍ മിക്ക വീടുകളിലും കാണും. അതുപോലെ വസ്ത്രങ്ങള്‍ ആവശ്യമുള്ള എത്രയോ പേരെ നാം ദിനേന കാണുന്നു. ഇവര്‍ തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങലിന് മധ്യസ്ഥത വഹിക്കുകയാണ് സത്യത്തില്‍ ഞങ്ങള്‍ ചെയ്യുന്നത്. ടിവിയില്‍ ഒരു സ്ത്രീ ഇത്തരത്തില്‍ കുട്ടികള്‍ക്ക് വസ്ത്രം എത്തിച്ചു കൊടുക്കുന്നതായി കണ്ടു. അങ്ങനെയാണ് ഈയൊരു ആശയം മനസിലേക്ക് വന്നത്. ഞങ്ങള്‍ രാവിലെ നടക്കാന്‍ പോകുന്ന ഒരു സംഘം ഉണ്ട്. സംവിധായകന്‍ ജിബു ജോസഫ് ഒക്കെയുണ്ട് കൂട്ടത്തില്‍. ഞാനിത് അവരോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും താത്പര്യമായി,' ജോജോ പറയുന്നു.

നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് ഇതിന് പുറകില്‍. ഇതില്‍ പകുതിയോളം ആളുകളും വിദേശത്താണ്. സജീവ സാന്നിധ്യമായി നില്‍ക്കുന്നത് ഇരുപതോളം ആളുകളാണ്. ഇവര്‍ ചേര്‍ന്നാണ് വസ്ത്രങ്ങള്‍ ശേഖരിക്കുന്നതും അത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതും.

Advertisment

'ആളുകള്‍ നമുക്ക് വസ്ത്രങ്ങള്‍ എത്തിച്ച് തരാറുണ്ട് ചിലപ്പോഴൊക്കെ. പക്ഷെ മിക്കപ്പോഴും ഞങ്ങള്‍ തന്നെ പോയി കളക്ട് ചെയ്യാറാണ് പതിവ്. അത് വീടുകളില്‍ നിന്നാകാം, കടകളില്‍ നിന്നാകാം. ചിലപ്പോഴൊക്കെ സ്‌കൂളുകളും കോളേജുകളും നമുക്ക് വേണ്ടി വസ്ത്രങ്ങള്‍ കളക്ട് ചെയ്ത് നമ്മളെ വിളിച്ചറിയിക്കും. ഞങ്ങള്‍ പോയി അത് വാങ്ങിക്കൊണ്ടു വരും. അവരത് ഒരു പ്രൊജക്ട് ആയി ഏറ്റെടുക്കാറുണ്ട്. ഇങ്ങോട്ടെത്തിച്ചു തരുന്നവരും ഒരുപാട് പേരുണ്ട്,' ജോജോ പറയുന്നു.

Give and Take, iemalayalam ഗിവ് ആൻഡ് ടേക്ക് പ്രവർത്തകർ

പലപ്പോഴും ഇത്തരത്തിലുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മളോര്‍ക്കും ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളവരാണ് ഇതെല്ലാം ചെയ്യുന്നതെന്ന്. എന്നാല്‍ ആ ധാരണയ്ക്ക് ഒരു തിരുത്തായിരുന്നു കഴിഞ്ഞ വര്‍ഷം കേരളം സാക്ഷിയായ മഹാപ്രളയം. പാവപ്പെട്ടവരും പണക്കാരുമെല്ലാം ഒരുപോലെ വസ്ത്രത്തിനും ഭക്ഷണത്തിനുമായി കൈ നീട്ടി നില്‍ക്കുന്ന കാഴ്ച നാം കണ്ടു. അതില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ പരസ്പരം സഹായിച്ചു. പൊതുവില്‍ മറ്റൊരാള്‍ ഉപയോഗിച്ച വസ്ത്രം ഉപയോഗിക്കാന്‍ മടിക്കുന്ന മലയാളിക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ലാതായി. ഇവിടേയും അങ്ങനെ തന്നെ. പാവപ്പെട്ടവരും പണക്കാരുമെല്ലാം ഇവര്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കുന്നു.

'വരുന്നവരെല്ലാം സാമ്പത്തിക സ്ഥിതി ഉള്ളവരൊന്നും അല്ല. കഴിഞ്ഞ ദിവസം ഒരു ടീം വിളിച്ചിട്ട് ഞങ്ങള്‍ ചെന്നിരുന്നു. അദ്ദേഹം തളര്‍ന്നു കിടക്കുകയാണ്. അത്ര വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരൊന്നും അല്ല. പക്ഷെ അവര്‍ ഒരുപാട് വസ്ത്രങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. സാമ്പത്തിക സ്ഥിതിക്കപ്പുറത്തേക്ക്, സഹായിക്കാനുള്ള, മറ്റൊരാള്‍ക്ക് നല്‍കാനുള്ള മനസുണ്ടാകുക എന്നതാണ് പ്രധാനം.'

Give and Take, iemalayalam ആളുകൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു

'ഞങ്ങള്‍ ഒരു റെഡിമേഡ് ഷോപ്പ് പോലെ ആണ് ആരംഭിച്ചിരിക്കുന്നത്. കിട്ടുന്ന വസ്ത്രങ്ങളില്‍ നല്ലത് തിരഞ്ഞെടുത്ത് കടയില്‍ ഹാംഗറില്‍ ഇട്ടിരിക്കുകയാണ്. വരുന്നവര്‍ക്ക് അതില്‍ നിന്നും തിരഞ്ഞെടുക്കാം. ഒരാള്‍ക്ക് മൂന്ന് ഡ്രസ് ആണ് നല്‍കുന്നത്. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളാണ് കൂടുതല്‍ ലഭിക്കുന്നത്. അത്തരം വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരും കൂടുതൽ. ഗള്‍ഫിലുള്ള ഒരു സുഹൃത്താണ് ഞങ്ങള്‍ക്ക് പൈസയൊന്നും വാങ്ങാതെ ഈ മുറി നല്‍കിയത്,' ജോജോ പറയുന്നു.

ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതു മണി മുതല്‍ 12 മണി വരെയാണ് ഗിവ് ആന്‍ഡ് ടേക്ക് പ്രവര്‍ത്തിക്കുന്നത്.

Charity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: