തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായി നിയമിതയായ പ്രമുഖ സാന്പത്തിക വിദഗ്‌ധ ഗീത ഗോപിനാഥിൽ നിന്ന് യാതൊരു ഉപദേശവും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്. മലയാള മനോദരമ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

എന്ത് ഉപദേശമാണ് ലഭിച്ചതെന്ന ചോദ്യത്തിന്, “അവരിൽ നിന്ന് ഇതുവരെ ഒരുപദേശവും ധനവകുപ്പ് തേടിയിട്ടില്ല. ഞങ്ങൾക്കൊട്ട് കിട്ടിയിട്ടുമില്ല” എന്നാണ് ധനമന്ത്രി മറുപടി നൽകിയത്.

ജിഎസ്‌ടി വന്നതിന് ശേഷം ഉൽപ്പന്നങ്ങളുടെ വില ഉയരാൻ കാരണം ഉൽപ്പാദകരും വ്യാപാരികളുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം ഇവർക്കെതിരെ നടപടിക്ക് മുതിരുന്നില്ല. അങ്ങിനെവന്നാൽ രാജ്യത്ത് സാന്പത്തിക മുരടിപ്പ് ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

നികുതിവരവ് ജിഎസ്‌ടിക്ക് ശേഷം കുറഞ്ഞെന്ന് ആവർത്തിച്ച മന്ത്രി, ഇക്കാര്യത്തിൽ കേന്ദ്ര വിഹിതം ലഭിക്കാനുണ്ടെന്ന് പറഞ്ഞു. നാല് മാസങ്ങൾ കൂടി കഴിഞ്ഞാലേ നികുതി വരവ് കുറഞ്ഞോ കൂടിയോ എന്ന് പറയാനാകൂ.

കടം വാങ്ങിയാണ് ഓണക്കാലത്ത് 12000 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ സർക്കാർ വിതരണം ചെയ്തതെന്ന് മന്ത്രി ആവർത്തിച്ചു. അനുകൂലമായ സാന്പത്തിക കാലാവസ്ഥ അല്ലാതിരുന്നിട്ടും വാരിക്കോരിയാണ് ക്ഷേമപ്രവർത്തനങ്ങൾക്കെല്ലാം സർക്കാർ പണം ചെലവഴിക്കുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ