കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ യത്തീംഖാനയിലെ പെൺകുട്ടികളെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പി.കെ.ശ്രീമതി എംപി. കുട്ടികൾ ഇക്കാര്യം എന്നോട് പറഞ്ഞു. നഗ്ന ചിത്രങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി. അതിനുശേഷം ആഴ്ചകളോളം പീഡിപ്പിച്ചു. തിരിച്ചറിയൽ പരേഡിനു പോയപ്പോൾപോലും പ്രതികളിലൊരാൾ ആംഗ്യ ഭാഷയിലൂടെ കുട്ടികളെ ഭീഷണിപ്പെടുത്തിയതായും ശ്രീമതി പറഞ്ഞു. പീഡനത്തിനിരയായ കുട്ടികളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീമതി.

യത്തീംഖാനയിലെ ഏഴു പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പോക്സോ അടക്കമുളള വകുപ്പുകൾ ചുമത്തി പൊലീസ് 11 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുപേരാണ് കേസിൽ പ്രതികളെന്നും എല്ലാവരും കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണു പീഡന വിവരം പുറത്തായത്.

പെൺകുട്ടികളെ മധുര പലഹാരം നൽകി യത്തീംഖാനയുടെ സമീപത്തെ കടയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് വിവരം. പീഡന വിവരം പുറത്തു പറഞ്ഞാൽ കുട്ടികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ജനുവരി മുതൽ പലതവണ പീഡിപ്പിക്കപ്പെട്ടതായി കുട്ടികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ കുട്ടികൾ സമാന രീതിയിൽ പീഡനത്തിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ