കോഴിക്കോട്: കേരളത്തിലെ ഹാക്കർമാരുടെ പ്രമുഖ സംഘമായ കേരളാ സൈബർ വാരിയേഴ്സിനെതിരെ പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചാ വിഷയമാകുന്നു. പാക്കിസ്ഥാന്റെ നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് കരുത്തു തെളിയിച്ച ഹാക്കർ ഗ്രൂപ്പിലെ ചില ‘അലവലാതി’കളുടെ സൈബർ കടന്നു കയറ്റത്തിനെതിരെയാണ് ഇഷ ഇഷിക എന്ന പെൺകുട്ടിയുടെ പോസ്റ്റ്.

ഹാക്കർ ഗ്രൂപ്പിലെ അംഗവും പെൺകുട്ടിയുടെ മുൻ സഹപാഠിയുമായ ഒരാൾ ഇഷയുടെ ഫെയ്സ്ബുക്ക് ഇൻബോക്സിൽ നടത്തിയ സംഭാഷണങ്ങളാണ് പോസ്റ്റിനാധാരം. ആർത്തവം, രതി, ചുംബനം, എന്നിവയെ കുറിച്ചുള്ള പോസ്റ്റുകൾ ഇടരുതെന്നും ഇട്ടപോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ‘ആങ്ങള കളിക്കുന്ന’ ഈ ഹാക്കർ താക്കീത് ചെയ്യുന്നുണ്ട്. ഇത്തരം പോസ്റ്റുകൾ പെൺകുട്ടികളെ അപകടങ്ങളിൽ ചാടിക്കുമെന്നാണ് ഹാക്കറുടെ പക്ഷം. ഇയാളുടെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും ഇഷിക പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ബഹുമാനപ്പെട്ട സൈബർ വാരിയേഴ്സിന്റെ സേവനങ്ങൾക്ക് പെരുത്ത് നന്ദിയുണ്ടെന്നും ഇനിയങ്ങോട്ട് ഇവിടെ കിടന്ന് നാറ്റിക്കരുതെന്നും പെൺകുട്ടി ആവശ്യപ്പെടുന്നു. താൻ കാമുകന് അയച്ച ഫോട്ടോകളെ കുറിച്ച് രക്ഷകൻമാർ അന്വേഷിക്കേണ്ടതില്ലെന്നും ഇനി കാമുകന്രെ കയ്യിൽ നിന്ന് തന്റെ ഫോട്ടോകൾ ലീക്കായി അത് കണ്ട് വല്ലവന്റേയും ദാരിദ്ര്യം മാറുവാണേൽ അതൊരു പുണ്യപ്രവർത്തിയയി താൻ കണക്കാക്കിക്കൊള്ളാമെന്നും പറഞ്ഞുകൊണ്ടാണ് ഇഷിക പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇഷ ഇഷികയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അറ്റെൻഷൻ പ്ലീസ് ,
കേരള സൈബർ വാരിയേഴ്സിലെ അലവലാതികളെക്കുറിച്ചാണ് പറയാൻ പോകുന്നത് .രണ്ടു ദിവസം മുൻപ് ഇൻബോക്സിൽ ഒരു മെസേജ് വരും വരെ ഞാനീ ടൈപ്പ് മാരണങ്ങളെക്കുറിച്ച് കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല.
രണ്ടു ദിവസം മുൻപ് എന്റെ ഒരു സ്കൂൾമേറ്റ് എനിക്ക് മെസേജ് അയക്കുകയും അയാൾ കേരള സൈബർ വാരിയേഴ്സെന്ന രക്ഷകരുടെ കൂട്ടായ്മയിൽ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ,അവരുടെ രക്ഷാപ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി കൈരളിയിൽ വന്ന ഒരു വാർത്തയുടെ യൂറ്റ്യൂബ് ലിങ്ക് അയച്ചുതരുകയും ,അവരെപ്പറ്റി അവർ തന്നെ എഴുതിയപോസ്റ്റ് ന്റെ ലിങ്ക് അയച്ച് തരികയും ചെയ്തു.
ചില പാക് വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യയെ രക്ഷിച്ചതും, നാട്ടിലേ ചില പെൺകുട്ടികളെ അവരുടെ ഉപദ്രവകാരികളായ കാമുകൻമാരുടെ കയ്യിൽ നിന്ന് രക്ഷിച്ചതുമൊക്കെയാണ് കൈരളി ന്യൂസ് ലിങ്ക്.
ഈ പാക്കിസ്ഥാന്റെ കയ്യിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക, കാമുകന്റെ കയ്യിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കുക, ഇതല്ലാതെ മറ്റ് രക്ഷാ പ്രവർത്തനത്തിനൊന്നും ഇവറ്റകൾക്ക് താൽപര്യമില്ലേ ആവോ..
ആ, അതെന്തേലും ആവട്ടെ. രക്ഷകന്മാരുടെ പേഴ്സണൽ കാര്യമല്ലേ, നമ്മളിടപെടണ്ട..
ആ.. വേറെയുമുണ്ട്. ഇവർ പിടിക്കുന്ന കാമുകന്മാരെക്കൊണ്ട് റോഡിൽ അലഞ്ഞ് തിരിയുന്ന വൃദ്ധജനങ്ങൾക്ക് നിർബന്ധപൂർവം ഭക്ഷണം നൽകിച്ച്, അതിന്റെ ഫോട്ടോ സെന്റ് ചെയ്യിക്കും പോലും.
പാവങ്ങൾ ഒരു പൊതിച്ചോറിന് മുൻപിൽ ഫോട്ടോ എടുക്കാൻ സമ്മതിക്കുമായിരിക്കും. ഈശ്വരാ… ഈ നാട്ടിൽ പാവങ്ങൾ തീർന്ന് പോയാൽ ഈ കുഞ്ഞുങ്ങൾ രക്ഷാ പ്രവർത്തനം നിർത്തുമോ എന്തോ.
ഉം കാര്യത്തിലേക്ക് വരാം.ഞാൻ നേരത്തെ പറഞ്ഞ എന്റെ സ്കൂൾമേറ്റായ രക്ഷകൻ പറഞ്ഞു “നാശത്തിലേക്കാണ് നിന്റെ പോക്ക്, നിന്നെയും വേണമെങ്കിൽ ഞാനും എന്റെ ആളുകളും ചേർന്ന് രക്ഷപ്പെടുത്താം.
പകച്ചു പോയെന്റെ ബാല്യം..
ഈശ്വരാ.. ഇനി ഞാൻ അറിയാതെ ഞാൻ വല്ല അവിഹിതത്തിലും ചെന്ന് പെട്ടുവോ. ഒരു പാട് വട്ടം ചോദിച്ചപ്പോഴാണ് നമ്മുടെ രക്ഷകൻ കാര്യം വെളിപ്പെടുത്തുന്നത്. ഞാൻ ഒരു വർഷം മുൻപൊക്കെ പോസ്റ്റ് ചെയ്ത പൈങ്കിളി പ്രേമ പോസ്റ്റുകൾ മുതൽ ഞാൻ എപ്പോഴൊക്കെയോ രതിയേ കുറിച്ചും ആർത്തവത്തേ കുറിച്ചും എഴുതിയത്,ഞാൻ മുൻപ് പോസ്റ്റ് ചെയ്ത പല വർണങ്ങളിലുള്ള മെൻസസ് പാഡുകളുടെ ഫോട്ടോ.. ഇതൊക്കെ പെൺകുട്ടികളെ അപകടത്തിൽ കൊണ്ട് ചാടിക്കുമത്രെ..
ഹൊ, ചിരിച്ചെന്റെ നട്ടെല്ലുളുക്കി… 😛
ബഹുമാനപ്പെട്ട കേരള സൈബർ വാരിയേഴ്സിന്റെ സേവനങ്ങൾക്ക് പെരുത്ത് നന്ദി. പക്ഷെ ഇനിയിവിടെ കിടന്ന് അലമ്പി നാറ്റിക്കാതെ ഇറങ്ങിക്കോണം ഈ അങ്കത്തട്ടിന്ന്., ഈ കൊട്ടാരവളപ്പിന്ന്… ഈ ടെറിട്ടറീന്ന്..
ഞാനെന്റെ കാമുകന് എന്റെ ഫോട്ടോകൾ അയച്ച് പോയോന്നും മറ്റും അന്വേഷിക്കണ വാരിയേഴ്സിനോടും എന്റെ രക്ഷക അഭ്യുദയകാംഷികളോടും അങ്ങനെ ഇനി സംഭവിച്ച് പോയാൽ തന്നെ അവന്റെ കയ്യിന്ന് ലീക്കായി അത് കണ്ട് വല്ലവന്റേയും ദാരിദ്ര്യം മാറുവാണേൽ അതൊരു പുണ്യ പ്രവർത്തിയായി കണക്കാക്കും ഞാൻ…
ഗെറ്റ് ഔട്ട് ഹൗസ്..
ഇസ്തം.. ഉമ്മകൾ…
എന്ന് രക്ഷകന്റെ ആവിശ്യമില്ലാത്ത ഒരു പെൺകുട്ടി..
തേങ്ക്യു..

പോസിറ്റിനോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകൾ:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ