കൊല്ലം: ആറന്‍മുളയില്‍ ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വാർഡിൽ പരിശോധന നടത്തുന്നതിനിടെ ഒരു നഴ്സാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടു തോര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.

Read More: ആംബുലൻസ് പീഡനം: അത്യന്തം വേദനാജനകം, കര്‍ശന നടപടിയെടുക്കാന്‍ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി

സെപ്റ്റംബര്‍ അഞ്ചിനാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.

ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിൽ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More: ആംബുലൻസ് പീഡനം: ആരോടും പറയരുതെന്ന് അഭ്യർഥിച്ചു, പ്രതിയുടെ ശബ്‌ദം റെക്കോർഡ് ചെയ്‌തു

പ്രതിയായ ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെൺകുട്ടി ഫോണിൽ റെക്കോർഡ് ചെയ്‌തു. ഇത് കേസിൽ നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.

2018 ൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ആംബുലൻസ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു.

കേസിലെ പ്രതി അറസ്റ്റിലായിട്ടുണ്ട്. 108 ആംബുലൻസ് ഡ്രെെവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.