പത്തനംതിട്ട: യുവാവിന്റെ ആക്രമണത്തിൽ പൊള്ളലേറ്റു കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. ശശി-പൊന്നമ്മ ദമ്പതികളുടെ മകളാണ് ശാരിക.

പ്രണയാഭ്യര്‍ഥന നടത്തിയ സജില്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്രായപൂര്‍ത്തിയായ ശേഷം ആലോചിക്കാമെന്നും ഫോണ്‍വിളികള്‍ വേണ്ടെന്നും വിലക്കിയിരുന്നു. എന്നാല്‍ വീടുവിട്ട് ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതി എത്തുകയും പെണ്‍കുട്ടി അതിനെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം കുടുംബവീട്ടില്‍ ഇരിക്കുമ്പോഴാണ് പ്രതി കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.

പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ