കോഴിക്കോട്: കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളേജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ഫഹീമ ഷിറിനെയാണ് മാനേജ്‌മെന്റ് തീരുമാനം ചോദ്യം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയത്. ഹോസ്റ്റലിലെ മൊബൈൽ ഫോൺ നിയന്ത്രണം അനുസരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഫഹീമയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഇതിനെതിരെ ഇന്ന് ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

താന്‍ പഠനാവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളതെന്നും ഇത്തരം നിയമങ്ങള്‍ മാറ്റേണ്ടതാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിച്ചതെന്ന് ഫഹീമ പറയുന്നു.

“പഠനാവശ്യങ്ങള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ടെക്‌സ്റ്റിലുള്ള ചാപ്റ്ററുകളില്‍ സംശയമുള്ളതെല്ലാം ഗൂഗിള്‍ ചെയ്ത് പഠിക്കുന്നതാണ് ശീലം. യൂണിവേഴ്‌സിറ്റി പോലും നോട്ട്‌സ് പിഡിഎഫ് ആയി തരുന്നു. നമ്മുടെ സ്കൂൾ സിലബസിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പാഠ്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓഡിയോ വീഡിയോ രൂപത്തിൽ ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളോട് ഇത്തരം നിയന്ത്രണങ്ങള്‍ ശരിയല്ല. മാത്രമല്ല, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ് ഇത്തരം നിയമങ്ങള്‍ നിലനിക്കുന്നത്. ഇവിടെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ ഹോസ്റ്റല്‍ ഉണ്ട്. എന്നാല്‍ അവിടെയും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍. ഈ ചെയ്യുന്നത് ശരിയല്ല, അനീതിയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്,” ഫഹീമ പറയുന്നു.

തന്റെ രക്ഷിതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണ് വിഷയവുമായി മുന്നോട്ട് പോകുന്നതെന്നും ഫഹീമ പറയുന്നു.

“പിജി വിദ്യാര്‍ത്ഥിളും ചില ബിരുദ വിദ്യാര്‍ത്ഥികളുമെല്ലാം തുടക്കത്തില്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്റെ വിഷയം ഉയര്‍ന്നതോടെ ഹോസ്റ്റല്‍ അധികൃതര്‍ മീറ്റിംഗ് വിളിക്കുകയും ഫഹീമ പുറത്തു പോകാന്‍ സാധ്യതയുണ്ടെന്ന് പറയുകയും ചെയ്തു. ഒരു തരത്തില്‍ പേടിപ്പിച്ച് അവരെക്കൊണ്ട് അനുസരിപ്പിക്കുകയായിരുന്നു,” ഫഹീമ പറഞ്ഞു.

Using mobile phone in hostel, ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗം, Chelannoor SN College, ചേളന്നൂര്‍ എസ്എന്‍ കോളേജ്, ഫഹീമ ഷെറിൻ, Faheema Shrin, ഹക്സർ, Haksar, ഐഇ മലയാളം, iemalayalam

ഫഹീമ ഷെറിൻ

കോളേജിലെ മറ്റ് അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ തന്നോട് പ്രശ്‌നമില്ലെന്നും എന്നാല്‍ മാനേജ്‌മെന്റിന്റെ തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ഫഹീമ പറഞ്ഞു.

“പ്രിന്‍സിപ്പള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കയറി എന്റെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും ചോദിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. അധ്യാപകരുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് പ്രശ്‌നം ഒന്നും ഇല്ല. ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പിന്തുണയുണ്ട്. പ്രിന്‍സിപ്പള്‍ ഇന്നലെ വിളിച്ചാണ് ഹോസ്റ്റലില്‍ നിന്നും ഒഴിയാൻ  ആവശ്യപ്പെട്ടത്. ഞാന്‍ ഒഴിഞ്ഞു.”

സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ള ആണ്‍കുട്ടികളുടയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലില്‍ ഇതേ നിയമം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വാര്‍ഡന്‍ പോലുമില്ല എന്നും ഫഹീമ പറയുന്നു.

നിലവില്‍ കോളേജ് യൂണിന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ ആണ്. എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് യൂണിറ്റ് സെക്രട്ടറി വിഷ്ണു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞത്.

“ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു. ആറ് മണി മുതല്‍ പത്തു മണിവരെ ഫോണ്‍ സറണ്ടര്‍ ചെയ്യണം എന്ന അഭിപ്രായമാണ് ബാക്കി 90 ശതമാനം വിദ്യാര്‍ത്ഥിനികള്‍ക്കും. അത് പഠനത്തിന് നല്ലതാണ് എന്നാണ് അവര്‍ പറയുന്നത്. ഈ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് അതിനെതിരെ സംസാരിച്ചിട്ടുള്ളത്. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന നിയമമാണ് ഇതെന്നാണ് ഫഹീമ പറയുന്നത്.”

“ഇതൊരു മാനേജ്‌മെന്റ് സ്ഥാപനമാണല്ലോ. അപ്പോള്‍ ഹോസ്റ്റല്‍ നിയമത്തെ കുറിച്ച് മാനേജ്‌മെന്റിന് തീരുമാനം എടുക്കാമല്ലോ. വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കണം എന്നൊരു നിയമം യുജിസി മാര്‍ഗരേഖയില്‍ ഇല്ലെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്. പിന്നെ ഫോണ്‍ കൊടുക്കാതെയൊന്നും ഇരിക്കുന്നില്ല. നാല് മണിക്കൂര്‍ മാത്രമാണ് നിയന്ത്രണം. അതില്‍ ഒരു മണിക്കൂര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കുന്ന സമയത്തില്‍ പോകും. ബാക്കി മൂന്നു മണിക്കൂര്‍ അല്ലേ ഉള്ളൂ. രക്ഷിതാക്കള്‍ തന്നെ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്,” വിഷ്ണു പറഞ്ഞു.

എന്നാല്‍ മകള്‍ക്ക് പൂര്‍ണ പിന്തുണയുമായാണ് ഫഹീമയുടെ പിതാവ് ഹക്‌സര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ലോകം തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെ പുതിയ തലമുറയില്‍ നിന്ന് മാറ്റുകയെന്നു പറയുന്നത് അവരെ അപൂര്‍ണരാക്കലാണെന്ന് ഹക്‌സര്‍ പറഞ്ഞു. ഇത് ലിംഗ അസമത്വവും പൗരാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് തന്റെ ശ്രമമെന്നും ഹക്സര്‍ പറഞ്ഞു.

“എല്ലാ അറിവുകളും ലഭിക്കുന്ന ഒരു സംവിധാനത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്തി പുസ്തകങ്ങളിലേക്ക് മാത്രം ഒതുക്കുന്ന രീതി ശരിയല്ല. ഉത്തരവാദിത്തപ്പെട്ട ഒരു രക്ഷിതാവ് എന്ന നിലയിലാണ് ഞാന്‍ ഈ വിഷയത്തില്‍ എന്റെ മകള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ദുരുപയോഗം ഭയന്ന് അതിനെ മാറ്റിനിര്‍ത്താനാണ് കോളേജ് അധികൃതരും രക്ഷാകര്‍തൃ സമൂഹവും ശ്രമിക്കുന്നത്. ആ പഴഞ്ചന്‍ ബോധത്തില്‍ നിന്നും മാറി ചിന്തിക്കണം. ഇക്കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്നെ കേള്‍ക്കാന്‍ തയ്യാറാകണം എന്നു മാത്രമാണ ഞാന്‍ പ്രിന്‍സിപ്പളിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സമയമില്ല, മറ്റ് ജോലികളുണ്ടെന്നായിരുന്നു അവരുടെ മറുപടി.”

“നിങ്ങളുടെ മകള്‍ അനുസരണയില്ലാത്തവളാണ്, ഞങ്ങളുടെ നിയമങ്ങള്‍ ഇതെല്ലാമാണ്, അനുസരിക്കാന്‍ സാധിക്കില്ലെങ്കില്‍ പൊയ്‌ക്കൊളൂ എന്നായിരുന്നു പറഞ്ഞത്. അപ്പോഴാണ് ഇത് സമൂഹത്തോട് പറയാന്‍ ഞാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനം ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അത് സംസാരിക്കാന്‍ ഇതൊരു അവസരമാണ്. ഇതില്‍ ഒരു സാമൂഹ്യ നീതിയുടെ പ്രശ്‌നമുണ്ട്, പൗരാവകാശത്തിന്റെയും സ്വകാര്യതയുടേയും പ്രശ്‌നങ്ങള്‍ ഉണ്ട്,” ഹക്‌സര്‍ പറയുന്നു.

ഈ വിഷയത്തില്‍ പ്രതികരണം ആരായാന്‍ കോളേജ് പ്രിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനുമായ ഡോക്ടര്‍ ദേവിപ്രിയയെ ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ സംസാരിക്കരുതെന്ന് മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും നേരില്‍ വരികയാണെങ്കില്‍ സംസാരിക്കാമെന്നുമായിരുന്നു പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.