ബത്തേരി: പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പാമ്പുകടിയേറ്റ ഷെഹല ഷെറിന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷെഹല ഷെറിന്‍ ഇന്നലെയാണു പാമ്പുകടിയേറ്റ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ വച്ചായിരുന്നു കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്.

പാമ്പുകടിയേറ്റ ഭാഗം നീലിച്ചിരുന്നുവെന്നും സംഭവത്തിനു ശേഷവും ക്ലാസ് തുടരുകയാണ് ഉണ്ടായത് സഹപാഠികള്‍ പറയുന്നു. രക്ഷിതാക്കള്‍ എത്തിയശേഷമാണ് ഷെഹലയെ ആശുപത്രിയിലെത്തിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അതേസമയം, ഷെഹലയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ചെന്നാണ് പ്രിന്‍സിപ്പൽ പറയുന്നത്. ഇരുമ്പ് ഡെസ്‌കും ബെഞ്ചുമായതിനാലാണ് ക്ളാസ് മുറിയിൽ മാളങ്ങളുണ്ടാകുന്നതെന്നാണ് പ്രിന്‍സിപ്പൽ പറയുന്നത്. സ്‌കൂള്‍ ഫിറ്റ്‌നസ് നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സ്‌കൂളിനെതിരെ വേറേയും ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ട്. ക്ലാസ് മുറികളില്‍ ചെരുപ്പിട്ട് കയറാന്‍ അനുവദിക്കാറില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂളില്‍ ഇത്തരത്തില്‍ നിരവധി മാളങ്ങളുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ക്ലാസ് മുറിയിലെ ചുമരിനോട് ചേര്‍ന്നുള്ള ചെറിയ പൊത്തില്‍നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. തുടര്‍ന്ന് ഷെഹല അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് എത്തും മുമ്പ് മരണം സംഭവിച്ചു. അഭിഭാഷകനായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടിന്‍ അബ്ദൂള്‍ അസീസിന്റെയും കോഴിക്കോട് സ്വദേശിയും അഭിഭാഷകയുമായ സജ്‌നയുടെയും മകളാണ് ഷെഹ്‌ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.