തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം പെണ്‍കുട്ടിയുടെ മൊഴി എടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാമി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായി പേട്ട പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തിരുത്തിയാണ് മനോജ് എബ്രഹാം രംഗത്തെത്തിയത്.
കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് പെൺകുട്ടി മുറിച്ചു മാറ്റിയത്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനനേന്ദ്രിയം താന്‍ തന്നെയാണ് മുറിച്ചുമാറ്റിയതെന്ന് സ്വാമി നേരത്തേ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ നിന്നും രക്ഷപ്പപെടാനാണ് പ്രതി നേരത്തേ ഇത്തരത്തില്‍ മൊഴി നല്‍കിയത്.
എന്നാല്‍ പ്രതി തിരുത്തിയ മൊഴി പ്രകാരം മെഡിക്കൽ കോളജ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി തന്നെ ആക്രമിച്ചതായി സ്വാമി പരാതിപ്പെട്ടു. എന്നാല്‍ സ്വാമിയുടെ മൊഴിപ്രകാരം കേസെടുക്കാനാവില്ലെന്ന് ഐജി വ്യക്തമാക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. സ്വാമിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ലിംഗച്ഛേദത്തിന് വിധേയനായ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സ പൂർത്തിയായാൽ ഇയാളെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ പരാതി പ്രകാരം ഇയാൾക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു.
ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി പ്ലസ് വണിന് പഠിക്കുമ്പോൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.