ന്യൂഡൽഹി: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും എന്നാൽ പരിവർത്തനം നടക്കുന്നത് ഇസ്ലാമിലേക്കല്ല, മറിച്ച് ഭീകരവാദത്തിലേക്കാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ജോർജ് കുര്യൻ. ക്രിസ്ത്യൻ സ്ത്രീകളെ ഇസ്ലാമിക ഭീകരവാദത്തിലേക്ക് സംഘടിതമായി പരിവർത്തനം നടത്തുന്ന പ്രവണത കേരളത്തിലുണ്ടെന്നാണ് ജോർജ് കുര്യൻ ആരോപിച്ചത്.
പല സന്ദർഭങ്ങളിലും പരിവർത്തനം ചെയ്യപ്പെട്ട സ്ത്രീകൾ ഭീകരവാദത്തിന്റെ വാഹകരായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ലവ് ജിഹാദ് ഉണ്ട്. ഇത് കുറച്ച് കാലമായി സംസ്ഥാനത്ത് തുടരുകയാണ്. ഇവിടെ പരിവർത്തനം ഇസ്ലാമിലേക്കല്ല, തീവ്രവാദത്തിലേക്കാണ്. മുസ്ലിം സമൂഹം പോലും ഇതിനെ എതിർക്കുന്നു,” ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഇത്തരം മതപരിവർത്തനങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയ കുര്യൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഒരു പശ്ചിമേഷ്യൻ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയ ഡൽഹിയിൽ നിന്നുള്ള ഒരു മലയാളി ക്രിസ്ത്യൻ യുവതിയുടെ കേസ് കുര്യൻ അമിത് ഷായ്ക്ക് അയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പോലുള്ള സംഘടനയിൽ ചേർക്കുകയോ അടിമയായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നതിനായി പെൺകുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചോ വഞ്ചിച്ചോ തട്ടിക്കൊണ്ട് പോയതാകാമെന്ന് മാതാപിതാക്കൾ ഭയപ്പെടുന്നതായി കുര്യൻ കത്തിൽ പറയുന്നു.
വിഷയത്തിൽ ഇടപെടുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കുര്യൻ പറഞ്ഞു.
“മുൻപ് നടന്നിട്ടുള്ള സമാന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കൾ പ്രകടിപ്പിക്കുന്ന ഭയം അകാരണമാണെന്ന് തോന്നുന്നില്ല,” കുര്യൻ പറഞ്ഞു.
ഹിന്ദു പെൺകുട്ടികളെ പറഞ്ഞ് മനസ് മാറ്റിയാണ് മുസ്ലീം പുരുഷന്മാർ വിവാഹം ചെയ്യുന്നത് എന്നാരോപിച്ച്, നേരത്തേ സംസ്ഥാനത്തെ പല ഹിന്ദു സംഘടനകളും പരാതി നൽകിയിരുന്നു. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ ദമ്പതികളുടെ മാതാപിതാക്കൾ നിയമപാലകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് എൻഐഎ ഏതാനും അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിർബന്ധിത മതംമാറ്റത്തിന്റെയോ വിവാഹത്തിന്റെയോ തെളിവുകൾ കണ്ടെത്തുന്നതിൽ എൻഐഎ പരാജയപ്പെട്ടിരുന്നു.
തന്റെ കത്തിൽ, കോഴിക്കോട് ജില്ലയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് കുരിയൻ പരാമർശിച്ചിരുന്നു ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള ഒരു കോളേജ് വിദ്യാർത്ഥിനിയെ ജ്യൂസിൽ മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്യുകയും ഇസ്ലാമിലേക്ക് മതം മാറ്റാനായി ബ്ലാക്ക്മെയിൽ ചെയ്യുന്നതിന് ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ വിസമ്മതിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് അവളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു.” കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തെന്നും കുര്യൻ പറഞ്ഞു.