ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിൽ നിയമസഭാംഗങ്ങളായവർ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എംഎൽഎമാർ മത്സരിക്കേണ്ടെന്നാണ് ഡൽഹിയിൽ പിസിസി അദ്ധ്യക്ഷന്മാരുടെ യോഗത്തിലുണ്ടായ തീരുമാനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ മാസം 18 മുതൽ ആരംഭിക്കും. ഒരാഴ്ചക്കകം സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി പട്ടിക സമർപ്പിക്കണമെന്നാണ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം.

എംഎൽഎമാർ മത്സരിക്കേണ്ടെന്ന് പറഞ്ഞതിന് പുറമെ, സിറ്റിങ് സീറ്റുകളിൽ സിറ്റിങ് എംപിമാർക്ക് മുൻഗണന നൽകാനും പിസിസി അദ്ധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനമായി. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമുണ്ടാകുമെന്നാണ് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ജനമഹായാത്ര വൻ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ അഴിമതി ജനങ്ങളിലേക്കെത്തിക്കുന്നതിന് റാഫേൽ വിഷയം മുഖ്യ പ്രചാരണ ആയുധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിൽ സിപിഎമ്മുമായി ധാരണയ്ക്കും യോഗം അംഗീകാരം നൽകി. സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്നും തൃണമൂലുമായി സഖ്യം വേണ്ടന്ന നിലപാട് ദേശീയ നേതൃത്വം അംഗീകരിച്ചെന്നും ബംഗാൾ പിസിസി അദ്ധ്യക്ഷൻ സോമേൻ മിത്ര യോഗത്തിന് ശേഷം പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.