പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി. നിലവിൽ രാജ്യസഭാംഗമായ ഇദ്ദേഹം പാലക്കാട് ലോക്സഭാ സീറ്റിൽ മത്സരിക്കുമെന്നായിരുന്നു വാർത്തകൾ.

എന്നാൽ ബിജെപിയിൽ ബന്ധപ്പെട്ട് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ഇതിന് പുറമെ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ തന്റെ പേരുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും സീറ്റിൽ സ്ഥാനാർത്ഥിയാകണം എന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം പാർട്ടി നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനാർത്ഥിയാകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പാലക്കാട് സീറ്റിലോ, അല്ലെങ്കിൽ ജയസാധ്യതയുളള മറ്റേതെങ്കിലും സീറ്റിലോ ബിജെപി സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന വാർത്ത താനറിഞ്ഞത് പത്രവാർത്തകളിലൂടെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.