തിരുവനന്തപുരം: സംസ്ഥാനത്ത് ജെൻഡർ യൂണിഫോം നടപ്പാക്കിയ സ്കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികളില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധബുദ്ധി ഇല്ലെന്നും മന്ത്രി പറഞ്ഞു.
ജെൻഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂളിൽ മൊബൈൽ ഉപയോഗം പാടില്ല
സ്കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ നേരിട്ട് സ്കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യം നിലവില്‍ വന്നതിനാൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ടതിന്‍റെ ആവശ്യകത ഒഴിവായിട്ടുണ്ട്. വിദ്യാർത്ഥികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കമമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കുട്ടികളെ ക്ലാസ് സമയത്ത് ചടങ്ങുകൾക്കു കൊണ്ടുപോകരുത്
സ്കൂള്‍ കുട്ടികളെ ക്ലാസ് സമയത്തു മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍.ജി.ഒ-കള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളെ കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു.
ഹെഡ്‌മാസ്റ്റര്‍ ഇനി വൈസ് പ്രിന്‍സിപ്പല്‍
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക. ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പലിന്‍റെ തൊഴില്‍ഭാരം ലഘൂകരിക്കുന്നതിനായി അവരുടെ അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തുകയും അധിക പിരീഡുകള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തില്‍ അധ്യാപകരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവം കോഴിക്കോട്ട്
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.