കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സീറ്റുകൾ കുറഞ്ഞതിന് പിന്നിൽ ജിസിഡിഎ എന്ന് ആരോപണം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി ഫിഫയുടെ നിർദ്ദേശം പാലിക്കാൻ തയ്യാറാകാതിരുന്നതാണ് സീറ്റുകളുടെ എണ്ണം കുറയാൻ കാരണം. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂറോപ്പിൽ വ്യാപകമായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭയചകിതരായി നിൽക്കുകയാണ് ഫിഫ. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് മത്സരത്തിന് കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചതും ഈ സാഹചര്യത്തിലാണ്.

സ്റ്റേഡിയത്തിൽ നിന്ന് അടിയന്തിര ഘട്ടങ്ങളിൽ എട്ട് മിനിറ്റിനുള്ളിൽ കാണികളെ ഒഴിപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. അറുപതിനായിരത്തിലേറെ കാണികൾ പ്രവേശിക്കാറുള്ള കൊച്ചി സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം ഇതോടെ 41478 ആയി നിജപ്പെടുത്തി.

എന്നാൽ എട്ട് മിനിറ്റിനുള്ളിൽ കാണികളെ പുറത്തെത്തിക്കാൻ മടക്കുകസേരകളില്ലാതെ പറ്റില്ലെന്ന് ഫിഫ നിർദ്ദേശിച്ചിരുന്നു. ഇരിപ്പിടത്തിൽ നിന്ന് കാണി എഴുന്നേൽക്കുമ്പോൾ തന്നെ തനിയേ മടങ്ങുന്ന കസേരകളായാൽ കാണികൾക്ക് എളുപ്പത്തിൽ സ്റ്റേഡിയത്തിന് പുറത്തേക്ക് കടക്കാൻ സാധിക്കുമെന്നാണ് ഫിഫ പറഞ്ഞത്.

എന്നാൽ ഫിഫയുടെ സുരക്ഷ നിർദ്ദേശങ്ങളെ ഗൗരവത്തോടെ എടുക്കാതിരുന്ന ജിസിഡിഎ  മുൻപത്തെ പോലെ പ്ലാസ്റ്റിക് കസേരകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനിടയിലൂടെ കാണിക്ക് എളുപ്പത്തിൽ പുറത്ത് കടക്കാനാവില്ല. അവസാനമായി സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയപ്പോൾ ഫിഫ സമിതി കാണികളുടെ എണ്ണം വീണ്ടും കുറച്ചു. 29000 ആക്കി നിർദ്ദേശിച്ചു. ഒരിക്കൽ മുക്കാൽ ലക്ഷത്തിലേറെ കാണികളിരുന്ന സ്റ്റേഡിയത്തിൽ ഇതോടെ കാണികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ