കൊച്ചി: അമ്പലമേടിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറി പ്ലാന്റിൽ വാതക ചോർച്ച. ഇതേ തുടർന്ന് ചോർച്ച ഉണ്ടായ ഐആർഇപി പ്ലാന്റിന് സമീപത്ത് നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു. വാതകത്തിന്റെ മണം പരന്നതോടെ തദ്ദേശവാസികൾ ഭീതിയിലായി. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഐആർഇപി അധികൃതർ പറഞ്ഞു.
ഐആർഇപി പ്രൊജക്ടിന്റെ എട്ട് പ്ലാന്റിൽ ഒന്നിലാണ് തകരാറുണ്ടായത്. അടുത്ത് തന്നെ കമ്മിഷൻ ചെയ്യാനിരിക്കുന്ന പ്ലാന്റാണിത്. ഇത്തരത്തിൽ ചെറിത തകരാറുകൾ സാധാരണ ഉണ്ടാകാറുള്ളതാണെന്നും ഇതിൽ ഭയക്കേണ്ടതില്ലെന്നും ബിപിസിഎൽ കൊച്ചിൻ റിഫൈനറി വക്താവ് വിനീത് ഐഇ മലയാളത്തോട് പറഞ്ഞു.
“പ്ലാന്റിന് തൊട്ടടുത്തുള്ള ആളുകളോടാണ് പുറത്ത് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 40 പ്ലാന്റുകളുള്ളതിൽ ഒന്നാണിത്. ഐആർഇപി സൈറ്റിൽ എട്ട് പ്ലാന്റുകളുണ്ട്. എല്ലാ റിഫൈനിംഗ് പ്ലാന്റുകളാണ്. അതിലൊന്നാണ് ഇന്ന് ഡൗൺ ആയത്.”വിനീത് പറഞ്ഞു.
“കമ്മിഷനിംഗിന് സജ്ജമായിരിക്കുന്ന പ്ലാന്റാണിത്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം നടത്തിയപ്പോഴാണ് ചെറിയ തകരാറുകൾ കണ്ടെത്തിയത്. ഇതിൽ ഭയപ്പെടാൻ മാത്രം ഒന്നുമില്ല” വിനീത് കൂട്ടിച്ചേർത്തു.
അതേസമയം റിഫൈനറിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനയും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിന് സമീപത്ത് വാതകം പരന്നതിനാൽ ഇതിന്റെ ഗന്ധം നിൽക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.