ആലപ്പുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു. ജമന്തി ചെടിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് കഞ്ചാവ് ചെടി വളർത്തിയത്. വീട്ടിലെ പൂച്ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്. എന്ത് ചെടിയാണെന്ന് പ്രായമായ അമ്മ ചോദിച്ചപ്പോൾ ജമന്തിയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു മകൻ. പൊലീസ് പിടികൂടിയ ശേഷം അത് കഞ്ചാവ് ചെടിയാണെന്ന് യുവാവ് തന്നെ കുറ്റസമ്മതം നടത്തി.
Read Also: കേരളത്തിലേക്ക് തിരിച്ചെത്താൻ പാസ് ഇന്നുമുതൽ: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ അറിയേണ്ടതെല്ലാം
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും. ചെടി രണ്ടടി ഉയരം വന്നിരുന്നു. വീട്ടിൽ ചെടി നട്ടിട്ട് ദിവസം കുറച്ചായി. അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് ചെടി ലഭിച്ചതെന്ന് പ്രതി വിവരം നല്കി. കൂടുതല്‍ അന്വേഷണം നടക്കും. ആന്റി നാർകോട്ടിക് സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പൂച്ചെടികൾക്കിടയിൽ നിൽക്കുന്നത് കഞ്ചാവ് ചെടിയാണെന്ന് അമ്മ അറിയുന്നത്.