തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പതിനഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി കുറുപ്പ് സ്വാമി. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ പെൺകുട്ടിയുടെ സുഹൃത്തുമുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും എസ്.പി പറഞ്ഞു.
ഞായറാഴ്ച സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ ഇതരസംസ്ഥാനക്കാരിയായ കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ചു ഓടിച്ച ശേഷമായിരുന്നു പ്രദേശവാസികളുടെ ക്രൂരത. പിന്നീട് സുഹൃത്ത് ബഹളം വച്ച് നാട്ടുകാരെ കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും അക്രമിസംഘം പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നിരുന്നു.
ശാന്തൻപാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഏലത്തോട്ടത്തിൽ ജോലിക്കായി ബംഗാളിൽനിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി. ഇതേ തോട്ടത്തിൽ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത് എന്നാണ് വിവരം.
Also Read: വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പി. സി. ജോര്‍ജ്