കൊല്ലം: സിനിമാ മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പലരും സിനിമയിൽ ശക്തരാവാൻ വേണ്ടി ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനൽ മാഫിയകളുടെ പിടിയിലാണ്. സിനിമാ മേഖലയിലെ പലർക്കും റിയൽ എസ്റ്റേറ്റ് മാഫിയയുമായി സാന്പത്തിക ഇടപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപും സിനിമാ മേഖലയിലെ സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പുറത്തു പറയാനാകാത്ത പല കാര്യങ്ങളും സിനിമാ രംഗത്ത് നടക്കുന്നുണ്ട്. എല്ലാം തനിക്കറിയാം. പക്ഷേ ഇപ്പോൾ അതൊന്നും തുറന്നു പറയാനാവില്ലെന്നും ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ സിനിമാ മേഖലയിൽ ഉള്ളവരെയും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ മേഖലയിലുള്ളവരുടെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ച് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് സിനിമാ രംഗത്തെ ചിലരുമായി അടുപ്പമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചതായാണ് വിവരം. സുനിയുടെ ഫോൺകോളുകൾ പരിശോധിച്ചതിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര പ്രവർത്തകരെയും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ