കൊല്ലം: കെ.ബി.ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് മകനെ മർദിച്ചതായും തന്നെ അസഭ്യം പറഞ്ഞതായും യുവാവിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ചൽ അഗസ്‌ത്യകോടാണ് സംഭവം.

ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഗസ്‌ത്യകോടിൽ ഒരു മരണ വീട്ടിൽ എത്തിയതായിരുന്നു ഗണേഷ് കുമാർ എംഎൽഎ. ഇവിടെ വച്ച് ഗണേഷിന്റെ വാഹനവും യുവാവിന്റെ വാഹനവും നേർക്കുനേർ എത്തി. വാഹനത്തിൽ യുവാവും അയാളുടെ അമ്മയുമാണ് ഉണ്ടായിരുന്നത്.

ഗണേഷിന്റെ വാഹനം പുറകോട്ട് എടുക്കാനായിരുന്നു എളുപ്പമെന്നും ഇക്കാര്യം പറഞ്ഞപ്പോൾ എംഎൽഎ യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്. കാറിൽനിന്നും ഇറങ്ങിയ ഗണേഷും ഡ്രൈവറും ചേർന്ന് നടുറോഡിൽ വച്ച് മകനെ ക്രൂരമായി മർദിച്ചുവെന്ന് അമ്മ പറഞ്ഞു. തന്നെ ഗണേഷ് കുമാർ അസഭ്യം പറഞ്ഞതായും അവർ പറഞ്ഞു.

സംഭവത്തിൽ അഞ്ചൽ പൊലീസിൽ അമ്മയും മകനും പരാതി നൽകിയിട്ടുണ്ട്. മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്.

അതേസമയം, തനിക്കെതിരെയുളള ആരോപണങ്ങൾ ഗണേഷ് കുമാർ എംഎൽഎ നിഷേധിച്ചു. കുടുംബം പറയുന്നത് കളവാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ