കൊച്ചി: നടനും എംഎല്‍എയുമായ ഗണേഷ്കുമാര് താരസംഘടനയായ അമ്മയ്ക്കെതിരെ എഴുതിയ കത്ത് പുറത്ത്. അമ്മ പിരിച്ചുവിടണമെന്നും നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടന വേണ്ട രീതിയില്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്നും എന്നായിരുന്നു ഗണേഷിന്റെ കത്ത്. 13 പേജുളള കത്തില്‍ അമ്മയെ രൂക്ഷമായാണ് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നത്.
നടീനടന്മാര് സംഘടന നാണക്കേട് ഉണ്ടാക്കുകയാണ് ചെയ്തത്. സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം പിച്ചിച്ചീന്തപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ കത്തില്‍ വിമര്‍ശിക്കുന്നു. ഒപ്പമുളളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടന അപ്രസക്തമാണ്. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
“മമ്മൂട്ടിയുടെ വീട്ടില്‍ പേരിനൊരു യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ച് കൈകഴുകുകയാണ് അമ്മ ചെയ്തത്. സംഭവത്തില്‍ പ്രസിഡന്റായ ഇന്നസെന്റ് മൗനം തുടരുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു. അമ്മ ഒറ്റക്കെട്ടാണെന്നും സംഭവത്തില്‍ വേണ്ട നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം. എന്നാല്‍ ജനറല്‍ബോഡിക്ക് മുമ്പാണ് താന്‍ ഈ കത്ത് എഴുതിയതെന്നും യോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നതായും ഗണേഷ് പ്രതികരിച്ചു.