scorecardresearch
Latest News

ആശുപത്രി വൃത്തിഹീനം; ഒടുവില്‍ ചൂലെടുത്ത് തൂത്ത് ഗണേഷ് കുമാര്‍; വീഡിയോ

സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും ഉടന്‍ വൃത്തിയാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു

Ganesh Kumar

പത്തനാപുരം: “ആശുപത്രികളില്‍ കോടികള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ട്,” തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകളാണിത്. ആശുപത്രിയില്‍ വൃത്തിയില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ.

ഓരോ മുറിയിലും കയറി തറ മുതൽ പരിശോധിച്ച എംഎല്‍എ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്നതും തുരുമ്പെടുത്തതും എംഎല്‍എ ചൂണ്ടിക്കാണിച്ചു. വൃത്തിഹീനമായി കിടന്ന തറ ചൂലെടുത്ത് സ്വയം വൃത്തിയാക്കാനും ഗണേഷ് കുമാര്‍ മടിച്ചില്ല.

താന്‍ തറ തുടയ്ക്കുന്നത് ഇവിടെയുള്ള ജീവനക്കാര്‍ക്ക് ലജ്ജ തോന്നാനാണെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മസിയിലെ വീഴ്ചകൾ എംഎല്‍എയെ കൂടുതല്‍ ക്ഷുഭിതനാക്കി. ഒന്ന് തുടച്ച് വൃത്തിയാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് പൊട്ടിയ മരുന്ന് കുപ്പികളുടെ അവശിഷ്ടം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൗചാലയം വരെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചിലവഴിച്ചായിരുന്നു ആശുപത്രി സജ്ജമാക്കിയത്. ഉദ്ഘാടനം പോലും നിര്‍വഹിക്കാതെയായിരുന്നു ജനങ്ങള്‍ക്കായി ആശുപത്രി തുറന്നു നല്‍കിയത്. മന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് വൃത്തിയാക്കിയിരിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.

Also Read: യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ ലല്ലുവിന്റെ ശ്രമങ്ങള്‍; കടമ്പയായി മുന്നിലുള്ളത് സ്വന്തം പാര്‍ട്ടി തന്നെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ganesh kumar cleaning hospital video