തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടനനും എംഎല്‍എയും ആയ ഗണേഷ് കുമാര്‍. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ദിലീപിൽ നിന്നും സംഭവിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പൊലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയുടെ യോഗം ഉടൻ ചേർന്ന് ദിലീപിനെതിരെ നടപടിയെടുക്കുമെന്നും ഗണേഷ് പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയെ ഏറെ പ്രതിരോധിക്കുകയും തങ്ങള്‍ ഒറ്റക്കെട്ടാണെന്നു രോഷം കൊള്ളുകയും ചെയ്ത ഗണേഷ് കുമാറാണ് ദിവസങ്ങള്‍ക്കുശേഷം ദിലീപിനെ തളളിപ്പറഞ്ഞ് രംഗത്തെത്തിയത്. ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. സംഘടന പൊളിക്കാന്‍ ആരും നോക്കേണ്ടെന്നും അമ്മ പൊളിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു.

അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്. ഇത് വ്യാപകമായ രീതിയില്‍ വിമര്‍ശനത്തിനും കാരണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ