/indian-express-malayalam/media/media_files/2026/01/03/galaxy-frogs-2026-01-03-16-46-40.jpg)
Galaxy Frog (Source: Wikimedia Commons)
Galaxy Frogs: നമ്മുടെ വിരൽത്തുമ്പിന്റെ വലിപ്പം പോലുമില്ല. പക്ഷേ കണ്ടാൽ പ്രപഞ്ചം മുഴുവൻ തന്റെ പുറത്ത് അത് വഹിക്കുന്നതായി തോന്നും. കറുത്ത ചർമ്മത്തിൽ കാണപ്പെടുന്ന ഇളം നീല പുള്ളികൾ നക്ഷത്രങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശത്തെ ഓർമ്മിപ്പിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള പാടുകളും കാണാം. ഇത് തിളക്കമാർന്ന സൂപ്പർനോവ വിസ്ഫോടനങ്ങളെ പോലെ തോന്നിപ്പിക്കും. 'ഗാലക്സി തവളകളെ' കുറിച്ചാണ് പറഞ്ഞു വരുന്നത്.
ലോകത്തിലെ ഏറ്റവും അപൂർവമായി മാത്രം കാണപ്പെടുന്നതും വിസ്മയിപ്പിക്കുന്നതുമായ ഉഭയജീവികളിൽ ഒന്നാണ് ഗാലക്സി തവളകൾ. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾക്കുള്ളിലെ ദ്രവിച്ച തടിക്കഷണങ്ങൾക്കിടയിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിരുന്നത്. പക്ഷേ ഈ അപൂർവ ഇനം ഇപ്പോൾ അപ്രത്യക്ഷമാവാൻ തുടങ്ങിയിരിക്കുന്നു.
ഏഴ് ഗാലക്സി തവളകളുടെ ഒരു സംഘം അപ്രത്യക്ഷമായി കഴിഞ്ഞതായി ഒരു പഠനത്തിൽ കണ്ടെത്തി. ഇവ ജീവനോടെയുണ്ടാവാൻ സാധ്യതയില്ല. ഇതിന് കാരണം ഗാലക്സി തവളകളെ ക്യാമറയ്ക്കുള്ളിലാക്കാൻ ഇവയുടെ ആവാസവ്യവസ്ഥയിൽ ഫോട്ടോഗ്രാഫർമാർ അതിക്രമിച്ചു കയറിയതാണ്.
ഫോട്ടോഗ്രാഫർമാരുടെ കടന്ന് കയറ്റം നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരുടെ ആവാസ വ്യവസ്ഥയിൽ കൈകടത്തൽ വന്നതോടെ തവളകളുടെ സ്വഭാവത്തിൽ ഗുരുതരമായ മാറ്റങ്ങൾ വന്നു. അവയുടെ ഭക്ഷണക്രമത്തെയും പ്രത്യുത്പാദനത്തെയും ഫോട്ടോഗ്രാഫർമാർ തടസ്സപ്പെടുത്തുകയും ചെയ്തു.
'Unethical wildlife photography imperils the Western Ghats endemic galaxy frog, Melanobatrachus indicus Beddome, 1878' എന്ന പഠന റിപ്പോർട്ട് 2025 ഡിസംബർ 17ന് 'ഹെർപ്പറ്റോളജി നോട്ട്സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ ഫെലോകളായ കെ.പി. രാജ്‌കുമാർ, ബെഞ്ചമിൻ ടാപ്‌ലി, ജ്യോതി ദാസ്, സന്ദീപ് ദാസ് എന്നിവരും തൃശൂർ ആസ്ഥാനമായുള്ള ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാൻ പി.എസ്. ഈസയും ചേർന്നാണ് ഈ പഠനം റിപ്പോർട്ട് തയ്യാറാക്കിയത്.
ഗാലക്സി തവളകളുടെ കഥ ഇങ്ങനെ
ഗാലക്സി തവളകളെ ആദ്യമായി കണ്ടെത്തിയത് 1878ൽ ആണ്. എന്നാൽ ഇവയെ കണ്ടുപിടിക്കാനുള്ള പ്രയാസം കാരണം ഗ്യാലക്സി തവളകളെ കുറിച്ച് അധികം പഠനങ്ങൾ നടത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഇവയെ കുറുച്ച് ലഭ്യമായ വിവരങ്ങൾ പരിമിതവുമാണ്. രണ്ട് സെന്റിമീറ്ററിനും 3.5 സെന്റിമീറ്ററിനും ഇടയിൽ മാത്രമാണ് ഇവയുടെ വലിപ്പം. ഈ തവളകൾ ശബ്ദമുണ്ടാക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
തങ്ങളുടെ ശരീരത്തിലെ പുള്ളികളാണ് ഇവ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇവയുടെ എണ്ണം, പ്രജനന സ്വഭാവം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പരിമിതമാണ്.
Also Read: എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയുടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഗാലക്സി തവളകളും ഉൾപ്പെടുന്നു. വനമേഖലകൾ കൃഷിഭൂമിയാക്കി മാറ്റുന്നതും വിറക് ശേഖരണവും ഉരുൾപൊട്ടലുമാണ് ഈ ജീവികൾ നേരിടുന്ന പ്രധാന ഭീഷണികൾ. എന്നാൽ അടുത്ത കാലത്തായി 'ഫോട്ടോ ടൂറിസം' ഗാലക്സി തവളകൾക്ക് ഒരു പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
കേരളത്തിലെ മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ മുഖ്യ ആകർഷണ ഇനമായി 2021ൽ ഇവയെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഫോട്ടോഗ്രാഫർമാരിൽ നിന്നുള്ള ഭീഷണി വർദ്ധിച്ചത്.
ഗാലക്സി തവളകൾ അപ്രത്യക്ഷമായത് ഇങ്ങനെ
2020 മാർച്ചിലാണ് ഈ പഠന റിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ രാജ്‌കുമാറും സംഘവും പശ്ചിമഘട്ടത്തിലെ ഒരു വനമേഖലയിൽ ഏഴ് ഗാലക്സി തവളകളെ കണ്ടെത്തിയത്. കേരള വനംവകുപ്പിന്റെ അംഗീകാരത്തോടെ ഉഭയജീവികളെ നിരീക്ഷിക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. 2019 മുതലായിരുന്നു ഇത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഗവേഷകർ ഈ പ്രദേശം സന്ദർശിച്ചിരുന്നത്.
ഗവേഷകർ ഇവിടെ ഗാലക്സി തവളകളെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കോവിഡ് 19 മഹാമാരി ലോകത്തെ കീഴടക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഗവേഷകർക്ക് ഗ്യാലക്സി തവളകൾ ഉള്ള പ്രദേശത്തേക്ക് എത്താൻ അപ്പോൾ സാധിച്ചിരുന്നില്ല. എന്നാൽ 2020 ജൂണിനും 2021 ഏപ്രിലിനും ഇടയിൽ ഫോട്ടോഗ്രാഫർമാരുടെ വലിയൊരു സംഘം ഈ സ്ഥലം കണ്ടെത്തി എത്തി.
“ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പ്രാദേശിക വഴികാട്ടികളിൽ നിന്നും ഈ ജീവികൾ പശ്ചിമഘട്ടത്തിൽ എവിടെയാണ് ഉള്ളത് എന്ന് ഫോട്ടോഗ്രാഫർമാർ കണ്ടെത്തി. ഈ സ്ഥലത്ത് തവളകളെ തിരയുന്നതിനിടയിൽ നിരവധി തടിക്കഷണങ്ങൾ ഫോട്ടോഗ്രാഫർമാർ മറിച്ചിട്ടു,” പഠന റിപ്പോർട്ടിൽ പറയുന്നു.
2021 ഓഗസ്റ്റിലാണ് രാജ്‌കുമാറും സംഘവും വീണ്ടും അവിടേക്ക് എത്തിയത്. ഗ്യാലക്സി തവളകളെ കണ്ടെത്തിയിരുന്ന തടിക്കഷണങ്ങളെല്ലാം നേരത്തെയുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടിരുന്നു. മാത്രമല്ല ചെടികളും വള്ളിപ്പടർപ്പുകളും ചവിട്ടിമെതിക്കപ്പെട്ടിരുന്നു. അവിടെയുണ്ടായിരുന്ന ഗാലക്സി തവളകൾ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.
Also Read: തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?
ഫോട്ടോഗ്രാഫർമാർ ഈ തവളകളെ നഗ്നമായ കൈകൾ കൊണ്ട് പിടിക്കുകയും ഫോട്ടോയ്ക്ക് കൂടുതൽ ആകർഷകമായ പശ്ചാത്തലം ലഭിക്കുന്നതിനായി പായലുകളിലേക്കോ മറ്റ് മരത്തടികളിലേക്കോ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. പ്രദേശവാസിയിൽ നിന്നാണ് ഗവേഷകർക്ക് ഫോട്ടോഗ്രാഫർമാർ എങ്ങനെയാണ് ഈ തവളകളുടെ ആവാസ വ്യവസ്ഥയെ തകർത്തത് എന്ന വിവരം ലഭിച്ചത്.
ഈ മാരത്തോൺ ഫോട്ടോഗ്രാഫി സെഷനുകൾക്കിടയിൽ ഈ തവളകളിൽ രണ്ടെണ്ണത്തിന്റെ ജീവൻ നഷ്ടമായതായും പ്രദേശവാസി പറഞ്ഞു. എന്നാൽ പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം സ്ഥിരീകരിക്കാൻ രാജ്‌കുമാറിനും സംഘത്തിനും കഴിഞ്ഞില്ല. 2021 നവംബറിലും 2022 മെയ് മാസത്തിലും ഗവേഷകർ വീണ്ടും ആ സ്ഥലം സന്ദർശിച്ചെങ്കിലും പിന്നീട് ഒരിക്കലും ഗാലക്സി തവളകളെ കാണാൻ സാധിച്ചില്ല. അവയെല്ലാം നാമാവശേഷമായാണ് കണക്കാക്കുന്നത്.
തവളകളുമായി ബന്ധപ്പെട്ട് 2000 മുതൽ പഠിക്കുകയും നിലവിൽ റിലയൻസ് ഫൗണ്ടേഷനിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന വരദ് ഗിരി 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞത് ഇങ്ങനെയാണ്; "ഗാലക്സി തവളകൾക്ക് അതിജീവിക്കാൻ കൃത്യമായ താപനിലയും ഈർപ്പവും പോലുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ ആവശ്യമാണ്. കാരണം അവ ശീത രക്തമുള്ള (Cold-blooded) ജീവികളാണ്. ചുറ്റുമുള്ള താപനിലയ്ക്കനുസരിച്ചാണ് അവയുടെ നിലനിൽപ്പ്.
"ഇങ്ങനെയുള്ള പാരസ്ഥിതിക സാഹചര്യം ഇവയ്ക്ക് അതിജീവിക്കാൻ ആവശ്യമായതിനാലാണ് പശ്ചിമഘട്ടത്തിലെ ഒരു ചെറിയ വനമേഖലയിൽ മാത്രം അവയെ കാണപ്പെട്ടത്. പശ്ചിമ ഘട്ടത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് അവ വ്യാപിച്ചില്ല. ഇവയുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ തവളകളെ ദോഷകരമായി ബാധിക്കും," വരദ് ഗിരി പറഞ്ഞു.
തവളകളുടെ ആവാസവ്യവസ്ഥയ്ക്ക് ചുറ്റും മനുഷ്യരുടെ നിരന്തരമായ സാന്നിധ്യം വന്നാൽ അത് അവയുടെ പ്രജനന പ്രക്രിയയെ തടസ്സപ്പെടുത്തിയേക്കാം. കാരണം ഈ ഉഭയജീവികൾ സാധാരണയായി ശബ്ദമുണ്ടാക്കി പരസ്പരം വിളിച്ചാണ് ഇണചേരുന്നത്.
വരദ് ഗിരിയുടെ വാക്കുകൾ ഇങ്ങനെ, “തവളകൾ ശ്വസനത്തിനായി അവയുടെ ചർമ്മമാണ് ഉപയോഗിക്കുന്നത്. ചർമ്മത്തിലൂടെ ശ്വസിക്കുന്നതിനായി അവർ 'മ്യൂക്കസ്' (mucus) എന്നറിയപ്പെടുന്ന ഒരു വഴുവഴുപ്പുള്ള ദ്രാവകം ഉത്പാദിപ്പിച്ച് ചർമ്മം എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്തുന്നു. കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന താപ കൈമാറ്റം മൂലമോ ഫോട്ടോഗ്രാഫിക്കായി ഫ്ലാഷ് ഉപയോഗിക്കുന്നത് മൂലമോ അവയുടെ ചർമ്മം ഉണങ്ങിപ്പോയാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകുകയും അത് അവയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും.”
നഗ്നമായ കൈകൾ കൊണ്ട് തവളകളെ പിടിക്കുന്നത് മനുഷ്യരിൽ നിന്ന് ഉഭയജീവികളിലേക്ക് രോഗാണുക്കൾ പകരാൻ കാരണമായേക്കാം. ഇത് അവയെ മാരകമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
നിയന്ത്രണങ്ങളുടെ ആവശ്യകത
വന്യജീവികൾക്കും പ്രകൃതിക്കും ഉണ്ടാകുന്ന ദോഷകരമായ നീക്കങ്ങൾ കുറയ്ക്കുന്നതിന് പ്രകൃതി സംരക്ഷണ ഫോട്ടോഗ്രാഫിയിൽ ധാർമ്മിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ പഠനത്തിലൂടെ വ്യക്തമാകുന്നു. പഠനം നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്, “മൃഗങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും അവയെ പിന്തുടരുന്നതും നിയന്ത്രിക്കുക, തീവ്രതയേറിയ പ്രകാശത്തിന് പകരം ഡിഫ്യൂസറുകൾ (Diffusers) ഉപയോഗിക്കുക, മൃഗങ്ങളുടെ സ്വാഭാവിക സ്വഭാവങ്ങളിൽ മനഃപൂർവം ഇടപെടാതിരിക്കുക, അവയുടെ സൂക്ഷ്മ ആവാസവ്യവസ്ഥയിൽ ശല്യമുണ്ടാക്കാതിരിക്കുക എന്നിവ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണം.”
പ്രകൃതി, വന്യജീവി ഫോട്ടോഗ്രാഫർമാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്കും ഗൈഡുകൾക്കും പരിശീലനം നൽകുന്നതിനായി രാജ്യത്തെ വനംവകുപ്പുകൾക്ക് ടൂറിസം വകുപ്പുകളുമായി സഹകരിക്കാമെന്നും പഠനം നിർദ്ദേശിച്ചു.
എന്നാൽ, ഗാലക്സി തവളകളെ പോലെയുള്ള അപൂർവ ഇനം ജീവികളെ അവയുടെ വഴിക്ക് വിടുന്നതാണ് ഏറ്റവും നല്ലതെന്ന് വരദ് ഗിരി പറഞ്ഞു. “ഒരാൾ പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവർ അതിനെ ബഹുമാനിക്കുകയും വേണം. വെറും ചിത്രങ്ങൾക്കായി വേണ്ടി മാത്രം ഒരു ജീവിക്ക് ദോഷകരമായ രീതിയിൽ അതിനെ ശല്യം ചെയ്യാൻ പാടില്ല,” അദ്ദേഹം പറയുന്നു.
Read More: വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കും,കോമ്പോസിറ്റ് ലൈസൻസ് ഇല്ല; പുതിയ ഇൻഷുറൻസ് ബില്ലിനെപ്പറ്റി അറിയാൻ സമഗ്രമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us