തൊടുപുഴ: ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി കേരളത്തിലേക്ക് പ്രവേശിച്ചു. ഇന്ന് വൈകിട്ടോടെയാണ് ന്യൂനമര്‍ദ്ദം കേരളത്തിലെത്തിയത്. ഇതിന് പിന്നാലെ ഇടുക്കിയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി.

മൂന്നാറിനടുത്ത് വട്ടവടയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മൂന്നാറിലും മഴ ശക്തമാണ്. മാട്ടുപെട്ടി റോഡിന് സമീപത്ത് മണ്ണിടുഞ്ഞു വീണത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Read ALso: ഗജ ചുഴലിക്കാറ്റ്: വേളാങ്കണ്ണി പള്ളിക്കും നാശനഷ്‌ടം, ക്രിസ്‌തുരൂപം തകര്‍ന്നു

കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും മഴ ശക്തമാണ്. തോടുകള്‍ കര കവിഞ്ഞു. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടലില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഇന്നും നാളേയും കേരളത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും തീരദേശം വഴി കഴിഞ്ഞ രാത്രി 12.30നും 2.30നും ഇടയില്‍ കാറ്റ് കടന്നുപോയി. മണിക്കൂറില്‍ 100-120 കി.മി. വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്ന് നാഗപട്ടണത്തും പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. നാഗപട്ടണത്തെ വേദാരണ്യത്തും, തിരുവാരൂര്‍, പുതുക്കോട്ടെ ജില്ലകളിലും വീടുകളും കെട്ടിടങ്ങളും നശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.