ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്. മരണ സംഖ്യ 20 ആയതായാണ് റിപ്പോര്‍ട്ട്. 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. 81948 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 471 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

അതേസമയം, ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയുടെ മുകളില്‍ ന്യൂന മര്‍ദ്ദമായി മാറി. ഇതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

വൈകിട്ടോടെ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുകയും കേരള തീരത്തെത്തുകയും ചെയ്തു. ഇതോടെ ഇന്നും നാളേയും കേരളത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 17.11.2018 (ശനി) എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും, തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിലും നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാമത് അഖില കേരള സീനിയേഴ്‌സ് അത്‌ലറ്റിക് മീറ്റ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയതായി സംഘാടക സമിതി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

15000 ല്‍ പരം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. വേളാങ്കണ്ണി പള്ളിക്കും നാശം സംഭവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും തീരദേശം വഴി രാത്രി 12.30നും 2.30നും ഇടയില്‍ കാറ്റ് കടന്നുപോയി. മണിക്കൂറില്‍ 100-120 കി.മി. വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്ന് നാഗപട്ടണത്തും പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. നാഗപട്ടണത്തെ വേദാരണ്യത്തും, തിരുവാരൂര്‍, പുതുക്കോട്ടെ ജില്ലകളിലും വീടുകളും കെട്ടിടങ്ങളും നശിച്ചു.

കീച്ചന്‍കുപ്പം, അക്കരൈപേട്ടൈ, നാഗപട്ടണം എന്നിവിടങ്ങളില്‍ കടല്‍ കരയിലേയ്ക്ക് കയറി. നാഗപട്ടണം, കുഡല്ലൂര്‍, പുതുക്കോട്ടൈ, കരൈകാള്‍, തിരുവാരൂര്‍, ത്രിച്ചി ജില്ലകളില്‍ വൈദ്യുതി വിതരണം താറുമാറായി. ഇവിടെ കനത്ത മഴയാണ് രാത്രി ഉണ്ടായത്. ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. രാമേശ്വരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഹെൽപ്‌ലൈന്‍ നമ്പരുകളില്‍ സേവനം ലഭ്യമാണ്, 1077, 1070 എന്നിവയാണ് ഹെൽപ്‌ലൈന്‍ നമ്പരുകള്‍. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.