/indian-express-malayalam/media/media_files/uploads/2017/11/gail-pipe-line.jpg)
കോഴിക്കോട്: ജനവാസ മേഖലകളിലൂടെയുള്ള ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് സമര സമിതി. നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള സർക്കാർ തീരുമാനം തള്ളിയ സമര സമിതി സമരം തുടരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളാണ് സമര സമിതി തള്ളിയത്.
ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണം, ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണം, സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരം തുടരാനാണ് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്.
പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നല്‍കാനും തീരുമാനമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.