തിരുവനന്തപുരം: ഗെയിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. മുഖ്യമന്ത്രിയുടെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. ഭൂമി വിട്ടുനൽകുന്ന 10 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് 5 ലക്ഷം രൂപ അധികമായി നൽകാനും യോഗത്തിൽ ധാരണയായി. മുക്കത്ത് നടന്ന ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരമാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ കാരണമായത്. ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ട പരിഹാരത്തുക വർധിപ്പിക്കണമെന്ന് കോഴിക്കോട് ജില്ല കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ 5മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വർദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വർദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതൽ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി.
പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ള വരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും. വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടു വയ്ക്ക ത്തക്കരീതിയിൽ അലൈൻമന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും. വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂ ഉടമയ്ക്ക് നല്‍കും.
പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് എക്സ്ഗ്രേഷ്യയായി (ആശ്വാസധനം) 5 ലക്ഷം രൂപ നൽകുവാനും യോഗം തീരുമാനിച്ചു.
നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്ലൈന് കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡിൽ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്മെന്റ് തീരുമാനിക്കുന്നതും.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ്. (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പ്രകൃതി വാതക പൈപ്പ് ലൈൻ ഗാർഹിക, വാണിജ്യ, ഗതാഗത മേഖലകളിൽ പ്രകൃതിവാതകം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ്. കൊച്ചി- മംഗലാപുരം പൈപ്പ് ലൈനിനു 503 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 3300 കോടി രൂപയുടെതാണ് ഈ പദ്ധതി.
പദ്ധതിക്കെതിരേ മലബാർ മേഖലയിൽ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം കൂട്ടി സർക്കാർ നടപടിയെടുത്തത്. പദ്ധതിക്കെതിരേ നടക്കുന്ന സമരത്തിൽ തീവ്രവാദബന്ധമുള്ള സംഘടനകൾക്കു പങ്കുണ്ടെന്നാണു സർക്കാർ നേരത്തെ ആരോപിച്ചത്.