കോട്ടയം: വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല,” സുകുമാരൻ നായർ പറഞ്ഞു.
Read More: ‘ശരിദൂരം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?’ എന്‍എസ്‌എസിനോട് കോടിയേരി
അതേസമയം എൻഎസ്എസിന്റെ നിലപാട് മറ്റൊരു രീതിയിൽ തിരിച്ചടിയായോ എന്ന് സംശയിക്കുന്നതായി വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ പ്രതികരിച്ചു. എന്നാൽ എൻഎസ്എസ് കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തിട്ടില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയാണ് അത്തരത്തിലൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
“തിരഞ്ഞെടുപ്പ് കമ്മിഷനാണ് എൻഎസ്എസിന്റെ നിലപാടിനെ ഒരു കാരണവുമില്ലാതെ ദുർവ്യാഖ്യാനം ചെയ്തത്. അതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് ബാക്കിയുള്ളവരെല്ലാം എൻഎസ്എസിന്റെ ശരിദൂരത്തെ വിമർശിച്ചത്. വളരെ വ്യക്തമാണ് എൻഎസ്എസിന്റെ നിലപാട്. അത് ഞങ്ങളുടെ എല്ലാ പ്രഖ്യാപനങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്,” സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എൻഎസ്‌എസ് യുഡിഎഫിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിനു വോട്ടുചെയ്യാന്‍ എൻഎസ്‌എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം നിലപാടായിരിക്കും എൻഎസ്‌എസ് പുലര്‍ത്തുക എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ മുതലേ വ്യക്തമാക്കിയിരുന്നു. ശരിദൂരം നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നതുമില്ല.