ആലപ്പുഴ: കൊച്ചി നഗരത്തിലെ പാലാരിവട്ടത്തെ റോഡിലെ കുഴിയിൽവീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി നിലപാടിനെതിരേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കോടതിയുടെ കുറ്റം കൊണ്ടാണോയെന്ന് സുധാകരൻ ചോദിച്ചു. ജഡ്ജിമാരുടെയും സ്റ്റാഫുകളുടെയും കുറവാണ് പ്രശ്നം. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം 700 കോടി രൂപയാണ് കോടതിക്കെട്ടിടങ്ങൾക്ക് നൽകിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരമടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂക്കിൽ വിരൽ വച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം. “കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരേ തിരിയണം. അല്ലാതെ പൊതുവെ പറയരുത്. ആരിലും വിശ്വാസമില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിൽ പണം കൈമാറിയതാണ്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

Read More: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

വെള്ളിയാഴ്ചയാണ് കോടതി സർക്കാരിനെതിരേ രൂക്ഷ​ വിമർശനം ഉന്നയിച്ചത്. ഇരുചക്ര യാത്രികരും കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ട് ജീവൻ പൊലിയാൻ കാരണം ബന്ധപ്പെട്ട അധികൃതരുടെ അലംഭാവമാണന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പാലാരിവട്ടത്ത് ബെെക്ക് യാത്രികൻ കുഴിയിൽവീണ് മരിച്ച സംഭവത്തിൽ നിരാശ രേഖപ്പെടുത്തിയ കോടതി അധികൃതർ ആലസ്യത്തിലാണോയെന്ന് ചോദിച്ചു.

കൊച്ചിയിലെ റോഡുകളുടെ അവസ്ഥ തീർത്തും മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഉത്തരവിറക്കുന്നതല്ലാതെ നടപടിയൊന്നുമില്ല. സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് എജി കോടതിയെ അറിയിച്ചു.

കാറിൽ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇരുചക്രവാഹന യാത്രാക്കാരുടെയും കാൽനടയാത്രക്കാരുടെയും ദുരിതം മനസിലാവുന്നില്ല. ഇത് പെട്ടെന്നുണ്ടായ കേസല്ല. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച്‌ പതിനൊന്ന് വർഷമായി കോടതിയിൽ കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുടുംബം പോറ്റാൻ അന്നം തേടിപ്പോയ ചെറുപ്പക്കാരനാണ് ദാരുണമായി മരിച്ചത്. ഇനി എത്ര പേരുടെ ജീവൻ പൊലിയാനാണ് സർക്കാർ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ലെന്നും കോടതി പരിതപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.