കോഴിക്കോട്: ദിലീപിനെയും അമ്മ സംഘടനയെയും വിമർശിച്ച് മന്ത്രി ജി.സുധാകരൻ. ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബി പ്രവർത്തിക്കുന്നുണ്ട്. അതിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌തതിലൂടെ ഇടതുസർക്കാരിന്റെ നിലപാട്‌ വ്യക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമക്കാർക്ക്‌ പണത്തിന്റെ അഹങ്കാരമാണെന്നും അത്‌ കേരളത്തിനോട്‌ കാണിക്കേണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.

അമ്മ ഭാരവാഹികൾ സ്വയം തിരുത്താൻ തയ്യാറാകണം. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത്​ മുൻപന്തിയിൽ നിൽക്കുന്നവരും സ്വയം വിമർശനം നടത്തണം. ദിലീപിനെ തിരിച്ചെടുത്തത്‌ ശരിയല്ല. അത്‌ മോഹൻലാൽ ഒറ്റക്ക്‌ ചെയ്‌തതാവില്ല. അമ്മയു​ടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവർത്തിച്ചിരിക്കുകയാണ്​. സംസ്​കാരത്തിന്​ ചേരാത്ത നടപടിയാണ്​​ അവിടെ നടക്കുന്നത്‌.

അഭിമാനമുള്ള സ്​ത്രീകളായതിനാലാണ്​​ നടിമാർ രാജിവച്ചത്​. അവർ എങ്ങനെയാണ്​ അവിടെ ഇരിക്കുക. ഇത്തര​മൊരു നടപടി സ്വീകരിക്കും മുമ്പ്​ അ​വരോട്​ കൂടിയാലോചിച്ചില്ല. ഒട്ടും ജനാധിപത്യമില്ലാതെയാണ്‌ ആ സംഘടന പ്രവർത്തിക്കുന്നതെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ