തിരുവനന്തപുരം: ലൈഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച യുവതിക്ക് എല്ലാ വിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും ആ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും ജി സുധാകരന്‍. സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ഈ സര്‍ക്കാര്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

“സ്ത്രീകള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ എന്നും ഒപ്പം ഉണ്ടാകും. ഈ വിഷയങ്ങളില്‍ സ്ത്രികള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ഈ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നയാളാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

ഈ വിഷയം മുന്‍നിര്‍ത്തി 3 വര്‍ഷക്കാലം മുമ്പ് എഴുതിയ ‘നീച ലിംഗങ്ങള്‍ മുറിയ്ക്കുന്ന പെണ്ണുങ്ങള്‍’ എന്ന കവിത കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നതാണെന്നും അത് പിന്നീട് ഹരിതം ബുക്‌സ് പുറത്തിറക്കിയ കാളിയും കല്‍ക്കിയും എന്ന കവിതാ പുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഈ കവിത പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ നിരവധി മാന്യന്മാര്‍ രംഗത്ത് വന്നിരുന്നുവെന്നും ഇത് കവിതയാണോയെന്ന് പരിഹാസമുണ്ടായെന്നും എന്നാല്‍ ഇപ്പോള്‍ ഇത് കവിത മാത്രമല്ല ജീവിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

*******

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍
എന്തേ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങള്‍ നീട്ടിയ ലിംഗം!
കത്തിയില്ലേ കഠാരയില്ലേ
വെട്ടരിവാളുകളില്ലേ?
മീന്‍മുറിക്കും കത്തികിട്ടിയില്ലേ
കരിക്കാടി തിളച്ച കലങ്ങളില്ലേ?
ഇല്ലായിരിയ്ക്കുമോ
ഉണ്ടായിരിയ്ക്കുമോ
ഒന്നു തീര്‍ച്ച! ഇനി ഒന്നു തീര്‍ച്ച!
ഉണ്ട് നിനക്കുണ്ട് ദംഷ്ട്ര!
പല്ലും നഖങ്ങളും!
കോമളം പല്ലുകള്‍
കൂര്‍ത്തമനോഹര കൊച്ചരിപ്പല്ലുകള്‍!
വാളിന്റെ മൂര്‍ച്ച; മുല്ലപ്പൂവിന്റെ വെണ്‍മയും
രണ്ട്
എന്തേ കടിച്ചുമുറിച്ചുപറിച്ചില്ല
എന്തേ കടിച്ചുകുടഞ്ഞില്ല ലിംഗത്തെ!
നീചകുലങ്ങള്‍തന്‍ ലിംഗങ്ങള്‍!
ഓര്‍മ്മയില്ലേ നരസിംഹത്തിനെ!
കുടല്‍മാല പിളര്‍ത്തന്നവന്‍!
നെഞ്ചകം കീറിരുധിരം
കുടിച്ചൊരാ ദിവ്യസത്വത്തിനെ!
മൂന്ന്
ലിംഗമില്ലാത്ത പുരുഷന്‍
പുഛമില്ലാത്ത വാനരനല്ലയോ!
ലിംഗമില്ലാത്ത വെറിയന്‍
നാരീലിംഗം കൊതിക്കും ഞരമ്പുരോഗി
ജീവനെടുക്കും അവന്‍ സ്വയം
നിന്നയോ ധീരയില്‍ധീരയായ്
ലോകം പുകഴ്ത്തിടും!
നാല്
ലിംഗം മുറിച്ചു പ്രതികാരമാളുക!
ലിംഗമില്ലാത്ത നരാധമന്‍മാരുടെ
സംഘം തളരട്ടെ!
മാനവേലാകം മനശാസ്ത്ര ശാലയില്‍
നീചസംഘത്തെ ചികിത്സിച്ചിട്ടിനി!
അഞ്ച്
ലിംഗമില്ലാത്തവന്‍
ജീവിച്ചുനാറട്ടെ!
ലിംഗംമുറിക്കുന്ന പെണ്ണുങ്ങള്‍ വാഴുവിന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.