കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പിനെ വഴിയില്‍​ തളളാനാകുമോയെന്നും അലക്കും വരെ ചുമന്നല്ലേ പറ്റൂവെന്നും മന്ത്രി പറഞ്ഞു. ‘വിഴുപ്പ് ചുമന്നല്ലേ പറ്റൂ, അലക്കും വരെ. വഴിയില്‍ കളയാന്‍ പറ്റില്ലല്ലോ’, എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സര്‍ക്കാരിനെതിരെ കോടതിയില്‍ പോയത് ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് എൻസിപി പറഞ്ഞു. പാർട്ടി ആക്ടിങ് പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല ഇന്ന് യോഗം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ