/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
ആലപ്പുഴ: കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. റോഡുകള്‍ പൊളിയുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി കിഫ്ബിക്കെതിരേ വിമർശനമുന്നയിച്ചത്. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പിഡബ്ല്യുഡിക്ക് ഒന്നും ചെയ്യാനില്ല. പിഡബ്ല്യുഡി എൻജിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നും മന്ത്രി പറഞ്ഞു.
ചെയ്യാനുള്ള പണി മാത്രം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ മതി. നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്തം പിഡബ്ല്യുഡിക്കല്ല. കിഫ്ബിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞു.
''കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ പിഡബ്ല്യുഡി മനസ്സിലാക്കേണ്ടതും മനസ്സിലാക്കാത്തതുമായ ഒരു കാര്യം ഞാനിപ്പോള്‍ പറഞ്ഞുതരാം. നിങ്ങള്‍ക്കിതിലൊന്നും ചെയ്യാനില്ല. നിങ്ങളെന്ത് ചെയ്താലും കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥരത് വെട്ടും. പദ്ധതി വിഴുങ്ങാന്‍ ഇരിക്കുന്ന ബകനെപ്പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥര്‍. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ തളളുന്ന സ്ഥിതിയാണ്. ഫിനാന്‍സ് ഉദ്യോഗസ്ഥരെ പിഡബ്‌ള്യുഡിയ്ക്ക് അകത്ത് നിയമിക്കണം നിങ്ങൾ. അത് ചെയ്യില്ലല്ലോ. ഫിനാന്‍സിലെ ഉദ്യോഗസ്ഥര്‍ പാരാവാരം പോലത്തെ സ്ഥലത്ത് എവിടേലുമല്ലല്ലോ പോയി ഇരിക്കണ്ടത്'' ജി.സുധാകരന്‍ പറഞ്ഞു.
റെയില്‍വേക്കെതിരെയും മന്ത്രി വിമര്‍ശനമുന്നയിച്ചു. ആലപ്പുഴ ബൈപാസ് ഫ്ളൈ ഓവറിന്റെ ഒന്നരയാഴ്ച കൊണ്ട് തീര്‍ക്കേണ്ട പണി റെയില്‍വേ ഒന്നര വര്‍ഷം വൈകിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച ബോര്‍ഡാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ധനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഇത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.