scorecardresearch
Latest News

ചെകിടത്തടിക്കുമെന്ന് പറഞ്ഞിട്ടില്ല, ബ്യൂറോക്രസിയുടെ പല്ല് പറിക്കുമെന്നാണ് പറഞ്ഞതെന്ന് മന്ത്രി ജി. സുധാകരൻ

ഇഷ്ടപ്പെടാത്ത വാക്കുകള്‍ ഉണ്ടാകാം, അതിനെ വിമര്‍ശിക്കാം. പക്ഷെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി

ചെകിടത്തടിക്കുമെന്ന് പറഞ്ഞിട്ടില്ല, ബ്യൂറോക്രസിയുടെ പല്ല് പറിക്കുമെന്നാണ് പറഞ്ഞതെന്ന് മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്മാരെ ചെകിട്ടത്തടിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ളെന്ന് മന്ത്രി ജി.സുധാകരന്‍. എന്നാല്‍ , ജനാധിപത്യത്തിന് മുകളില്‍ കയറാന്‍ ബ്യൂറോക്രസി ശ്രമിച്ചാല്‍ ആ പല്ല് പറിക്കുമെന്നാണ് പ്രസംഗിച്ചത്. അതിന്‍്റെ അര്‍ത്ഥം ബ്യൂറോക്രസി ജനാധിപത്യത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നാണ്. ഇത് ഏതൊരു ജനാധിപത്യ ഭരണത്തിന്റേയും എക്കാലത്തേയും ലക്ഷ്യമാണ്. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമായ ഞങ്ങള്‍ക്കതില്‍ പ്രത്യേക ശ്രദ്ധയുമുണ്ട്. സി പി ഐ നേതാക്കളായിരുന്ന ആര്‍. സുഗതന്‍ , എം.ഡി.ചന്ദ്രസേനന്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ തിരിഞ്ഞു കുത്താന്‍ ശ്രമിക്കുന്ന ബ്യൂറോ ക്രസിയിലെ ചിലരെപ്പറ്റി പറഞ്ഞതില്‍ കൂടുതലൊന്നും താന്‍ പറഞ്ഞിട്ടില്ല.

ഗുരുവായൂര്‍ മമ്മിയൂരില്‍ ജനപ്രതിനിധികള്‍ നിറഞ്ഞ വേദിയിലാണ് പ്രസംഗിച്ചത്. വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. എന്നാല്‍ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍, എന്‍.ജി.ഒ.അസോസിയേഷൻ, കെ.എസ്.എ, രജിസ്ട്രേഷന്‍ വകുപ്പ് പെന്‍ഷണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നീ നാല് സംഘടനകളുടെ പേരിലാണ് കരണത്തടി പ്രസ്താവന കാണുവാനിടയായത്. എഞ്ചിനീയറിംഗ് സംഘടനയുടെ പ്രസ്താവന പ്രസിഡന്റ് എസ്. സിദ്ദിഖ്, ജനറല്‍ സെക്രട്ടറി എന്‍. രാഗേഷ് എന്നിവരുടെ പേരിലാണ് വാർത്ത കണ്ടത്. ഇവരുടെ പ്രസ്താവന സി.പി.ഐ യുമായി ബന്ധപ്പെടുത്തിയാണ് ആ പത്രം നല്‍കിയത്. മരാമത്ത് മന്ത്രി കഴിവ് കെട്ടവനാണെന്നും ഈ ഗവണ്‍മെന്റ് വന്ന ശേഷം ഒരു നിര്‍മ്മാണവും നടന്നിട്ടില്ളെന്നും അറ്റകുറ്റപ്പണി നിര്‍മ്മാണമല്ളെന്നും നാടുമുഴുവന്‍ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി നടക്കുന്നുവെന്നും ഇവരെ ഉദ്ധരിച്ച് വാർത്ത വന്നു.എന്നാൽ 2016-2017 ല്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം (142%) ചെലവഴിച്ചത് മരാമത്ത് വകുപ്പാണെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. വിമർശിക്കുന്നവർക്ക് മരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഏതാണ്ട് 5000 കോടി രൂപയുടെ മരാമത്ത് പണികള്‍ കിഫ്ബി വഴി ചെയ്യാന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. 700 ഓളം പുതിയ ബജറ്റ് വര്‍ക്കുകള്‍ ഈ സാമ്പത്തിക വര്‍ഷം അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. 140 എണ്ണം ടെണ്ടര്‍ നടപടികളായി. ബാക്കി 500 ഓളം പ്രവൃത്തി പ്രത്യേക ധനകാര്യ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. താമസിയാതെ അംഗീകാരം കിട്ടും. പൊതുമരാമത്ത് വകുപ്പ് ഏറ്റവും മോശപ്പെട്ട വകുപ്പാണോ എന്നുള്ള വിധി പറയേണ്ടത് കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളുടെ പ്രതികരണം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും കാണാവുന്നതാണ്.

സി.പി.ഐ എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെപ്പറ്റി യാതൊരു അപവാദവും ഇന്നുവരെ പറഞ്ഞിട്ടില്ല. നാല് സി.പി.ഐ മന്ത്രിമാരുമായും സി.പി.ഐ നേതൃത്വവുമായും ഏറ്റവും സുദൃഢമായ ഐക്യവും ബന്ധവുമാണ് തനിക്കുള്ളത്. വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് മുന്നോട്ട് നീങ്ങുന്നത്. വകുപ്പില്‍ അഴിമതിയുണ്ടാകുന്നതിന് കാരണക്കാരന്‍ മന്ത്രിയാണെന്നാണ് ഒരു സംഘടനക്കാരന്‍ പറയുന്നത്. ഉത്തരവാദിത്വമുള്ളര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് മറുപടി പറയുക. ഒഴിവുകള്‍ നികത്താത്തതിന് കാരണം മന്ത്രിയാണെന്നും പറയുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തിയിരുന്നില്ല. പുതിയ സര്‍ക്കാര്‍ പി.എസ്.സി യുമായി നേരിട്ട് ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന 200 ലേറെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളും 1300 ലേറെ ഓവര്‍സിയര്‍ തസ്തികകളിലും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പി.എസ്.സി യുടെ നിയമന ശുപാര്‍ശകള്‍ ശരിയായി വന്നിരിക്കുകയാണ്.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള ഭരണപരമായ നടപടികള്‍ വകുപ്പില്‍ ഇനിയും ശക്തിപ്പെടുത്തണം. സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍, സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ക്ക് പ്രചരണം നല്‍കണം. ഇഷ്ടപ്പെടാത്ത വാക്കുകള്‍ ഉണ്ടാകാം, അതിനെ വിമര്‍ശിക്കാം. പക്ഷെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. കഴിഞ്ഞ നാലര പതിറ്റാണ്ടില്‍ പലപ്പോഴും ഭരണകാര്യങ്ങളില്‍ കേട്ടപല ആക്ഷേപങ്ങളും അടിസ്ഥാന രഹിതമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയും, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഏറ്റവും മികച്ച അഴിമതിരഹിതരും ഭരണപാടവമുള്ള രണ്ട് മികച്ച ഐ.എസ്.എസ് ഉദ്യോഗസ്ഥരാണെന്ന് പരസ്യമായി പറയാറുണ്ട്. തെറ്റിധാരണകള്‍ ദൂരീകരിക്കണമെന്നുമുളളതിനാലാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: G sudhakaran denies allegations