ആലപ്പുഴ: കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചെന്നോ വാഗ്‌ദാനം നൽകിയെന്നോ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ. ഇടുക്കിയിലെ കല്ലാര്‍പ്പാലം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇത്തരത്തിൽ ഒരു കാര്യവും സംസാരിച്ചിട്ടില്ല. ചില ലേഖകന്‍മാര്‍ ഉണ്ടാക്കിയിരിക്കുന്ന കെട്ടുകഥയാണിത്. 2012 ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഉന്നതി കിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്. എല്‍ഡിഎഫ് മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചെന്നോ, വാഗ്‌ദാനം കൊടുത്തെന്നോ, മുഖ്യമന്ത്രി ആക്കുമെന്നോ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലായെന്ന് ജി.സുധാകരന്‍ പറഞ്ഞു.

പ്രസംഗത്തിന്‍റെ പൂർണ രൂപം മാധ്യമങ്ങൾ പുറത്തുവിടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഉത്തരവാദിത്വപ്പെട്ട ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ടെലിവിഷന്‍ മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അടിയന്തിരമായി തിരുത്തണമെന്നും മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞതായിട്ടായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഈ വാഗ്‌ദാനം. അന്ന് മാണി എല്‍ഡിഎഫിന്‍റെ വാഗ്‌ദാനം സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്വപ്നം സ്വപ്നം കാണാനാകാത്ത പദവിയിൽ മാണിക്ക് എത്താമായിരുന്നെന്നും സുധാകരന്‍ പറഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.