ആലപ്പുഴ: ശബരിമലയിലെ തന്ത്രിമാർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരൻ രംഗത്ത്. ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് മന്ത്രി ആരോപിച്ചു. തന്ത്രിമാർക്ക് അയ്യപ്പനോടല്ല കൂറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ് എന്നും തന്ത്രിമാര്‍ ഇരിക്കുന്നതിനടത്ത് അയ്യപ്പന് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു,” ജി സുധാകരൻ പറഞ്ഞു. വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും ശബരിമല തന്ത്രിമാർക്കെതിരെ ജി സുധാകരൻ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ പ്രസ്താവന ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്റെ പ്രസ്താവന പിന്‍വലിക്കുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി വരുന്നതില്‍ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ലെന്നും സുധാകരന് പറഞ്ഞു.