തിരുവനന്തപുരം: കീഴാറ്റൂരിലെ കർഷക പ്രക്ഷോഭത്തെ തളളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരൻ. സമരം ചെയ്യുന്നത് വയൽക്കിളികളാണോ വയൽക്കഴുകന്മാരാണോ എന്ന് തെളിയിക്കണമെന്ന് മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.

കീഴാറ്റൂരിൽ വയലിലൂടെയുളള ബൈപ്പാസ് നിർമ്മാണത്തിനെതിരെയാണ് സമരം നടക്കുന്നത്. സമരത്തെ പൊലീസ് അടിച്ചമർത്തിയതിനെയും സമരപ്പന്തൽ കത്തിച്ചതിനെതിരെയും പ്രതിപക്ഷം സഭയിൽ വിമർശിച്ചിരുന്നു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നോട്ടീസ് നൽകി. ഇതിനു മറുപടി പറയുന്പോഴാണ് മന്ത്രി സമരക്കാര്‍ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്. നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല. ബൈപാസ് റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കീഴാറ്റൂരിലെ 99 ശതമാനം ജനങ്ങളും. എല്‍ഡിഎഫ് സര്‍ക്കാരല്ല, യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന അലൈന്‍മെന്‍റ് പ്രകാരമാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് പോവുന്നതെന്നും മന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ