scorecardresearch

Latest News

കോണ്‍ഗ്രസ് വിട്ട രാമന്‍ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി

തിരുവന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ജി രാമന്‍ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായി. ബിജെപിയിലേക്ക് ചേക്കേറിയ പ്രമീള ദേവിയെ സംസ്ഥാന കമ്മിറ്റിയംഗമായും നിയമിച്ചു. കെപിസിസിയില്‍ നിന്നും വേറേയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും എന്നാല്‍ ഇവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതില്‍ വ്യക്ത വരാത്തതിനാലാണ് പേര് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപിയിലേക്ക് വരാന്‍ കെപിസിസി ഭാരവാഹികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി.

ശബരിമല വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിന് കെപിസിസി സസ്‌പെന്റ് ചെയ്ത ജി.രാമന്‍ നായര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജി.രാമന്‍ നായര്‍. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ തന്നെ സ്വാഗതം ചെയ്തതായും രാമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അഗം പ്രമീളാ ദേവി, സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ബിജെപിയുമായി മുമ്പ് തന്നെ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. പ്രമീള ദേവി കോണ്‍ഗ്രസ് ഭരണകാലത്താണ് വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചത്. എന്‍എസ്എസ് കോളേജ് ഇംഗ്ലീഷ് അധ്യാപിക, കവി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: G raman nair appointed as bjp kerala vice president

Best of Express