കൊച്ചി: തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചു. ഇന്ന് പെട്രോളിന് 62 പൈസയുടേയും ഡീസലിന് 60 പൈസയുടേയും വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ എട്ടു ദിവസത്തിനിടെ പെട്രോളിന് 4.51 രൂപയും ഡീസലിന് 4.34 രൂപയുമാണ് വർധിച്ചത്.

അതേസമയം, കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലും പെട്രോൾ,ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് മന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു. ക്രൂഡോയിലിന് ഇതുവരെയില്ലാത്ത രീതിയിൽ വിലകുറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യാന്തരവിപണിയിൽ എണ്ണവിലകൂടിയെന്ന പേരിൽ ഈ മാസം ഏഴുമുതലാണ് വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽവില അനുദിനം കൂട്ടി.

Read More: അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്തവർഗക്കാരനെ വെടിവച്ചു കൊന്നു

മെയ് മാസം അഞ്ചാം തിയതി എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിർത്തി. ഇന്ന് പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. ‌മാർച്ച്‌ 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകൾ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

ഈ രണ്ട്‌ ‌വർധന വഴി രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ്‌ കേന്ദ്രം നേടിയത്. പ്രത്യേക അധിക എക്‌സൈസ്‌ തീരുവ വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല.

2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽവരുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ വീതമായിരുന്നു. ഇപ്പോൾ 32.98 രൂപ, 31.83 രൂപ എന്ന നിലയിൽ. 2014–-17ൽ ‌ എക്‌സൈസ്‌ തീരുവ 10 തവണ കൂട്ടി. അതുവഴി അഞ്ചര ലക്ഷം കോടി രൂപയാണ് ലാഭമുണ്ടായത്.

Read in English: Petrol price hiked by 62 paise/litre, diesel by 64 paise for eighth straight day

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.