കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ സമീപകാലത്തെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസവും വില കൂട്ടി തീരുമാനം ഉണ്ടായതോടെ കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 80 കടന്നു. ഡീസലിന് 74 രൂപയാണ് വില. പ്രളയദുരിതത്തിൽ പെട്ടുഴലുന്ന കേരളത്തിന് തലയ്ക്കടിയായി മാറുന്നതാണ് ഒരാഴ്ചയ്ക്കിടെയുളള ഈ വൻ വിലകൂട്ടൽ. കഴിഞ്ഞ മാസം 50 പൈസ വർധിപ്പിച്ചിടത്താണ് ഈ മാസം രണ്ടര രൂപ കൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസവും വില കത്തിക്കയറി. ഓഗസ്റ്റ് 26 ന് പെട്രോൾ വില 11 പൈസയും ഡീസൽ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയിൽ ഡീസൽ വിലയിൽ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോൾ വിലയും ഉയർന്നു. ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഈ മാസം രണ്ടര രൂപയോളം വർധിച്ചു.
കൊച്ചിയിൽ പെട്രോളിന് 80.06 രൂപയാണ് വില. നഗരപരിധിക്ക് പുറത്ത് വില 81 ആയി. ഇന്ന് മാത്രം 16 പൈസയാണ് വില വർദ്ധിച്ചത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് 15 പൈസ വർദ്ധിച്ച് 74 രൂപയിലെത്തി. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പെട്രോൾ വില 81 കടന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 81.14 ആണ് വില. ഡീസൽ 74.44 ആയി. കോഴിക്കോട് പെട്രോളിന് 80.85 ഉം ഡീസലിന് 74.15 ഉം ആണ് വില.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 79 ഡോളറിലാണ്. ഇതിന് പുറമെ അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധന ഓഗസ്റ്റിൽ ഇതുവരെയുണ്ടായി. പ്രളയ ദിനങ്ങളിലും വില വർദ്ധിച്ചിരുന്നു. ഓഗസ്റ്റിൽ ഇതുവരെ, ഒരു പൈസ പോലും ഇന്ധന വിലയിൽ കുറവുണ്ടായിട്ടില്ല.