തിരുവനന്തപുരം: എണ്ണ കമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായി 11-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 90 രൂപ കടന്നു. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയും ആണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ഈ മാസം ഡീസലിന് 3 രൂപ 62 പൈസയും പെട്രോളിന് 3 രൂപ 23 രൂപയും ആണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില.

പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് 18 രൂപ 74 പൈസയും കൂട്ടി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. വരും ദിവസങ്ങളിലും ഇന്ധനവില കുതിച്ചുയരാനാണ് സാധ്യത.

Read Also: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടി മലയാളിക്ക്

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.