കൊച്ചി: ഓട്ടോ ടാക്‌സി ഡ്രൈവർമാരുടെ സംയുക്ത സംഘടന സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. സിഐടിയു-ഐഎൻടിയുസിയുമടക്കമുളള ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോർഡിനേഷൻ കമ്മിറ്റിയാണ് സമരം നടത്തുന്നത്.

സംഘടനാ നേതാക്കളുടെ ഇന്നത്തെ യോഗത്തിലാണ് അനിശ്ചിതകാല സമരത്തിന് തീരുമാനമായത്. രാജ്യത്ത് പെട്രോൾ വില കുതിച്ചുയർന്ന സാഹചര്യത്തിൽ നിരക്കുകൾ പുനർ നിശ്ചയിക്കണമെന്നും നിരക്ക് വർദ്ധന ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം. സമരത്തിൽ പക്ഷെ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പങ്കെടുക്കില്ല.

നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടാണ് സമരമെങ്കിലും ഇന്ധന വില വർദ്ധനവ് കേന്ദ്രസർക്കാരിനെതിരാവും എന്നതാണ് സമരത്തിൽ നിന്ന് ഇവരെ പിന്നോട്ട് വലിക്കാൻ കാരണമെന്ന് അറിയുന്നു. സമര തീയതി തൃശ്ശൂരിൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഇ.നാരായണൻ നായരാണ് പ്രഖ്യാപിച്ചത്.

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണ് ഇത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.